
എഡ്ടെക് കമ്പനിയായ ബൈജൂസിൽ തന്റെ ഓഹരിപങ്കാളിത്തം 40 ശതമാനമായി ഉയര്‍ത്താന്‍ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ഒരുങ്ങുന്നു. നിലവില്‍ 25 ശതമാനം ഓഹരിയാണ് ബൈജുവിനും ഭാര്യ ദിവ്യ ഗോകുല്‍നാഥിനും കൂടി ഉള്ളത്. നിലവിലുള്ള ഓഹരിയുടമകളില്‍ നിന്ന് 15 ശതമാനം ഓഹരികള്‍ മടക്കിവാങ്ങാനാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ശ്രമിക്കുന്നത്. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ മൂലധന സമാഹരണം അനുസരിച്ച് കമ്പനിയുടെ മൂല്യം 2,200 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 1.80 ലക്ഷം കോടി രൂപ വരും. ലാഭക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായി 2,500 ഓളം ജീവനക്കാരെ ഈയിടെ പിരിച്ചുവിട്ടിരുന്നു. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനം വരുമിത്.