Auto
Trending

നിരത്തിലെ കൊടുങ്കാറ്റാകാന്‍ BMW XM ലേബല്‍ റെഡ് എത്തുന്നു

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ വാഹനനിരയിലേക്ക് പുതിയ ഒരു ഫ്‌ളാഗ്ഷിപ്പ് മോഡല്‍ അവതരിപ്പിച്ചു. ബി.എം.ഡബ്ല്യു എക്‌സ്.എം. ലേബല്‍ റെഡ് എന്ന് പേരിട്ടിരിക്കുന്ന ഈ എസ്.യു.വി. ലിമിറ്റഡ് എഡിഷന്‍ മോഡലായാണ് പുറത്തിറക്കുന്നത്. ലോകത്തുടനീളമുള്ള വിപണികള്‍ക്കായി 500 യൂണിറ്റ് മാത്രം നിര്‍മിക്കുന്ന ഈ വാഹനം 2023 ഷാങ്ഹായ് മോട്ടോര്‍ ഷോയിക്ക് മുന്നോടിയായി അവതരിപ്പിക്കുമെന്നാണ് വിവരം. ബി.എം.ഡബ്ല്യുവിന്റെ എക്‌സ്.എം. മോഡലില്‍ അല്‍പ്പം മിനുക്കുപണികള്‍ വരുത്തിയാണ് ലേബല്‍ റെഡ് പതിപ്പ് എത്തിച്ചിരിക്കുന്നത്. ലൈറ്റുകള്‍ തിളങ്ങുന്ന ഗ്രില്ല്, ഗ്രില്ലില്‍ ഉള്‍പ്പെടെ വാഹനത്തിന്റെ പല ഭാഗങ്ങളിലായി നല്‍കിയിട്ടുള്ള ചുവപ്പ് നിറത്തിലുള്ള ആക്‌സെന്റുകളും ബോര്‍ഡറുകളുമാണ് ഈ വാഹനത്തെ വേറിട്ടതാക്കുന്നത്.23 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഈ വാഹനത്തിലുള്ളത്. അലോയി വീലിലും ചുവപ്പ് നിറത്തിലുള്ള അലങ്കാരപ്പണികള്‍ നല്‍കിയിട്ടുണ്ട്.

എക്‌സ്.എം. മോഡലിനെ ലേബല്‍ റെഡ് ആക്കിയതിന്റെ മാറ്റങ്ങള്‍ അകത്തളത്തിലും നല്‍കിയിട്ടുണ്ട്. എ.സി. വെന്റുകള്‍ക്ക് ചുറ്റിലും ചുവപ്പ് നിറത്തിലുള്ള ബോര്‍ഡറും സീറ്റുകളില്‍ നല്‍കിയിട്ടുള്ള ചുവപ്പ് തുന്നലുമാണ് പ്രധാനമായി എടുത്തുകാണിക്കുന്നത്. 12.3 ഇഞ്ച് വലിപ്പവും 14.9 ഇഞ്ച് വലിപ്പവുമുള്ള സ്‌ക്രീനുകളാണ് അകത്തളത്തിലെ മറ്റൊരു സവിശേഷത. ഹെഡ്അപ്പ് ഡിസ്‌പ്ലേ സ്റ്റാന്റേഡ് ഫീച്ചറാണ്. 1475 വാട്ട് ബി ആന്‍ഡ് ഡബ്ല്യു സൗണ്ട് സിസ്റ്റമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ലുക്കിലും ഫീച്ചറിലും ലിമിറ്റഡ് എഡിഷന്റേതായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും പെര്‍ഫോമെന്‍സാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. വി8 പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 737 ബി.എച്ച്.പി. പവറും 1000 എന്‍.എം. ടോര്‍ക്കുമാണ് ഇവ ഉത്പാദിപ്പിക്കുന്നത്. 19.2 kWh ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. 3.5 മണിക്കൂറില്‍ ഇത് പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ആന്റി-റോള്‍ ബാര്‍, എം കോംപൗണ്ട് ബ്രേക്കുകള്‍ എന്നിവ ഈ വാഹനത്തിലെ സുരക്ഷ കാര്യക്ഷമമാക്കും. ഈ വാഹനത്തിന്റെ വില നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. സ്റ്റാന്റേഡ് എക്‌സ്.എം. മോഡലിന് 2.6 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ മോഡലിനെക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ലേബല്‍ റെഡ് മോഡലിനെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button