
ഇന്ത്യയിൽ ഐഫോൺ നിർമാണം സജീവമാക്കിയ ആപ്പിളിന് റെക്കോർഡ് നേട്ടം. സെപ്റ്റംബർ പാദത്തിൽ ആപ്പിൾ ആഗോളതലത്തിൽ 9010 കോടി ഡോളറിന്റെ റെക്കോർഡ് വരുമാനമാണ് രേഖപ്പെടുത്തിയത്. ഇത് 8 ശതമാനം വർധനവാണ് കാണിക്കുന്നത്. കമ്പനിയുടെ വാർഷിക വരുമാനം 39,430 കോടി ഡോളറാണ്. ഇതും 8 ശതമാനം ഉയർന്നു.ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനി ഇന്ത്യയിൽ ഒരു പുതിയ വരുമാന റെക്കോർഡ് ഉണ്ടാക്കിയിട്ടുണ്ടെന്നും രാജ്യത്ത് ശക്തമായ വളർച്ചയോടെ മികച്ച പ്രകടനം തുടരുകയാണെന്നും ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.ഇന്ത്യ, തെക്ക് കിഴക്കൻ ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയ വിപണികളാണെന്നും ടിം കുക്ക് പറഞ്ഞു.ഇന്ത്യയിൽ പുതിയ ഐഫോൺ 14 ന്റെ ഉത്പാദനം ആരംഭിച്ചതായി ആപ്പിൾ കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ നിർമാണം കുറച്ച് ഇന്ത്യയിൽ വർധിപ്പിക്കാനാണ് ആപ്പിൾ നീക്കം നടത്തുന്നത് . ഇത് ഇന്ത്യയിൽ പുതിയ ഐഫോണുകളുടെ നിർമാണ കാലയളവ് കുറയ്ക്കും. പ്രാദേശികമായി അസംബിൾ ചെയ്ത ഐഫോൺ 14 നാലാം പാദത്തിൽ രാജ്യത്ത് വിൽപനയ്‌ക്കെത്തും. പുതിയ ഐഫോൺ 14 ചെന്നൈയ്‌ക്ക് സമീപമുള്ള ശ്രീപെരുമ്പത്തൂരിലെ ഫോക്‌സ്‌കോൺ പ്ലാന്റിലാണ് അസംബിൾ ചെയ്യുന്നത്.