
രണ്ടാം തലമുറ ആപ്പിള്‍ ഹോംപോഡ് അവതരിപ്പിച്ചു. ഒന്നാം തലമുറ ഹോംപോഡ് വിപണിയില്‍ നിന്ന് പിന്‍വലിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത ആപ്പിള്‍ സിരി പേഴ്‌സണല്‍ അസിസ്റ്റന്റ് സംവിധാനത്തോടുകൂടിയ സ്മാര്‍ട് സ്പീക്കറാണിത്. വിവിധ സ്മാര്‍ട് ഹോം ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എസ് 7 പ്രൊസസറാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ള, മിഡ് നൈറ്റ് കളര്‍ ഓപ്ഷനുകളാണ് പുതിയ ഹോംപോഡിനുള്ളത്. 32900 രൂപയാണ് ഇതിന് ഇന്ത്യയിലെ വില. ഫെബ്രുവരി മൂന്ന് മുതല്‍ ഇത് വില്‍പനയ്‌ക്കെത്തും. മികച്ച ബേയ്‌സ് (BASS) ലഭിക്കുന്ന വൂഫറാണ് പുതിയ ഹോംപോഡില്‍ നല്‍കിയിരിക്കുന്നത്. ഒരു വൂഫറും അഞ്ച് ട്വീറ്ററുകളുമാണിതിനുള്ളത്. എന്നാല്‍ ആദ്യ പതിപ്പില്‍ ഏഴ് ട്വീറ്ററുകളുണ്ടായിരുന്നു. മൈക്കുകളുടെ എണ്ണവും ആറില്‍ നിന്ന് നാലായി കുറച്ചിട്ടുണ്ട്.മുറിക്കുള്ളിലെ അന്തരീക്ഷം അളക്കാന്‍ സാധിക്കുന്ന പുതിയ ടെമ്പറേച്ചര്‍, ഹ്യുമിഡിറ്റി സെന്‍സറുകളാണ് ഇതിലുള്ളത്. ഇതിലെ പുതിയ റൂം സെന്‍സിങ് സാങ്കേതിക വിദ്യയിലൂടെ ഹോംപോഡ് വെച്ച മുറിയില്‍ പ്രതിധ്വനിക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ് ശബ്ദക്രമീകരണം നടത്താന്‍ അതിന് സാധിക്കും. രണ്ട് ഹോംപോഡുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ സ്റ്റീരിയോ ശബ്ദാനുഭവം മികച്ച രീതിയില്‍ ആസ്വദിക്കാനുമാവും. ഐഫോണ്‍ എസ്ഇ 2 വിലും അതിന് ശേഷം പുറത്തിറങ്ങിയ ഐഫോണുകളിലും അല്ലെങ്കില്‍ ഐഓഎസ് 16 ലും അതിന് ശേഷം പുറത്തിറങ്ങിയ പതിപ്പുകളിലും പുതിയ ഹോംപോഡ് പ്രവര്‍ത്തിക്കുന്നു.