
അദാനി എന്റർപ്രൈസസ് ലിമിറ്റഡ്(എഇഎൽ) ഓഹരി വിപണിയിൽ നിന്ന് കൂടുതൽ പണം സമാഹരിക്കുന്നു. ഫോളോ ഓൺ പബ്ലിക് ഓഫറിലൂടെ(എഫ്പിഒ) 20,000 കോടി രൂപയാണ് സമാഹരിക്കുന്നത്. 3,112–3,276 രൂപ നിരക്കിലാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ഓഹരി വിപണിയിൽ വ്യാപാരം അവസാനിപ്പിക്കുമ്പോൾ അദാനി എന്റർപ്രൈസസിന്റെ വില 3,596.70 രൂപയാണ്.എഫ്പിഒ 27ന് ആരംഭിച്ച് 31ന് അവസാനിക്കും. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾ പൊതുജനങ്ങൾക്കായി വീണ്ടും ഓഹരികൾ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് ഫോളോഓൺ പബ്ലിക് ഓഫർ (എഫ്പിഒ). റൈറ്റ്സ് ഇഷ്യു അഥവാ അവകാശ ഓഹരികൾ നിലവിലെ ഓഹരി ഉടമകൾക്ക് മാത്രമായാണ് അനുവദിക്കുന്നതെങ്കിൽ എഫ്പിഒയ്ക്ക് പൊതുജനങ്ങൾക്കും അപേക്ഷിക്കാം.ഹരിത ഹൈഡ്രജൻ പദ്ധതികൾ, എയർപോർട്ടുകൾ, ഗ്രീൻഫീൽഡ് എക്സ്പ്രസ്‌വേ എന്നിവയ്ക്കായാണ് 10,869 കോടി രൂപ ഉപയോഗിക്കുക. ബാക്കി 4,165 കോടി സബ്സിഡിയറികളായ അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ്, അദാനി റോഡ് ട്രാൻസ്പോർട്ട്, മുന്ദ്ര സോളർ എന്നിവയുടെ കടം വീട്ടാനും വിനിയോഗിക്കും. ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിനായി അടുത്ത 10 വർഷം കൊണ്ട് 5000 കോടി ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു.