
യൂട്യൂബില്‍ ഉപഭോക്താക്കള്‍ ഇഷ്ടമല്ലെന്ന് പറഞ്ഞാലും സമാനമായ മറ്റ് ഉള്ളടക്കങ്ങള്‍ പിന്നീടും യൂട്യൂബില്‍ കാണിക്കുന്നുണ്ടെന്ന് പഠനം. മോസില്ല നടത്തിയ പഠനമാണ് യൂട്യൂബിലെ ഡിസ് ലൈക്ക് ബട്ടന് ഉള്‍പ്പടെ ഉപഭോക്താക്കളുടെ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുന്ന സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന നിരീക്ഷണത്തിലെത്തിയത്.റിഗ്രറ്റ്സ് റിപ്പോര്‍ട്ടര്‍ എന്ന ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് സന്നദ്ധരായ ഉപഭോക്താക്കളെ ഉപയോഗിച്ചാണ് യഥാര്‍ത്ഥ വീഡിയോകളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും മൊസില്ല റെക്കമെന്റേഷന്‍ ഡാറ്റ ശേഖരിച്ചത്.20000 യൂട്യൂബ് ഉപഭോക്താക്കളുടെ യൂട്യൂബ് റെക്കമെന്റേഷന്‍ ഡാറ്റ പരിശോധിച്ചതാണ് മോസില്ല ഗവേഷകര്‍ യൂട്യൂബിലെ ‘ഡിസ് ലൈക്ക്’, ‘സ്റ്റോപ്പ് റെക്കമെന്‍ഡിങ് ചാനല്‍’, ‘റിമൂവ് ഫ്രം ഹിസ്റ്ററി’ തുടങ്ങിയ ബട്ടനുകള്‍ സമാനമായ ഉള്ളടക്കങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതില്‍ ഒട്ടും ഫലപ്രദമാവുന്നില്ലെന്ന് കണ്ടെത്തിയത്.തങ്ങളുടെ അനുഭവവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന അഭിപ്രായങ്ങളെ യൂട്യൂബ് ബഹുമാനിക്കണമെന്നും അവയെ ഉപഭോക്താക്കള്‍ എങ്ങനെയാണ് പ്ലാറ്റ്ഫോമിൽ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് കാണിക്കുന്ന മികച്ച സൂചകങ്ങളായി പരിഗണിക്കണമെന്നും ഗവേഷകര്‍ പറഞ്ഞു.