
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ അര പതിറ്റാണ്ട് കാലത്തെ ഷവോമിയുടെ ആധിപത്യത്തിന് അവസാനമായി. 2022ന്റെ നാലാം പാദത്തിലെ കണക്കുകൾ അനുസരിച്ച് ഷവോമി സ്മാർട്ട്ഫോൺ വിൽപ്പനയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2017ന്റെ മൂന്നാം പാദത്തിന്റെ ശേഷം ആദ്യമായിട്ടാണ് ഷവോമിക്ക് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.ഷവോമിയുടെ ഡിവൈസുകൾക്ക് വില വർധിച്ചതും ആളുകൾക്ക് മറ്റ് ബ്രാന്റുകളിൽ നിന്നും മികച്ച ഡിവൈസുകൾ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചതും കമ്പനിക്ക് തിരിച്ചടിയായി. സാംസങ് ആണ് 2022ലെ അവസാന പാദത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽപ്പന നടത്തിയത്.അഞ്ച് വർഷങ്ങൾ അഥവാ 20 വാർഷിക പാദങ്ങൾക്ക് ശേഷമാണ് ഷവോമിയെ മറികടന്ന് സാംസങ് ഒന്നാം സ്ഥാനം തിരിച്ചെടുക്കുന്നത്. 2022ന്റെ ആദ്യ മൂന്ന് പാദങ്ങളിലും ഷവോമി തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് എങ്കിലും അവസാന പാദത്തിൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. മറ്റൊരു ചൈനീസ് കമ്പനിയായ വിവോയാണ് കഴിഞ്ഞ പാദത്തിൽ രണ്ടാം സ്ഥാനം നേടിയത്.അഞ്ച് വർഷത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച സാംസങ് 2022 അവസാന പാദത്തിൽ 21 ശതമാനം വിപണി വിഹിതമാണ് നേടിയത്. 6.7 ദശലക്ഷം യൂണിറ്റുകൾ കമ്പനി വിൽപ്പന നടത്തി.മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഷവോമിക്ക് കഴിഞ്ഞ വർഷത്തെ അവസാന പാദത്തിൽ 5.5 മില്ല്യൺ യൂണിറ്റ് സ്മാർട്ട്ഫോണുകൾ മാത്രമേ ഇന്ത്യയിൽ വിൽപ്പന നടത്താൻ സാധിച്ചിട്ടുള്ളു.