
ടെക്നോയുടെ പോവ സീരീസിൽ പുതിയ ഒരു സ്മാർട് ഫോൺ കൂടി അവതരിപ്പിച്ചു. ടെക്നോ പോവ 4 പ്രോ എന്ന ( Tecno Pova 4 Pro) ഹാൻഡ്സെറ്റ് ബംഗ്ലാദേശിലാണ് പുറത്തിറക്കിയത്. ടെക്നോ പോവ 4 പ്രോയുടെ 8ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 26,990 ബംഗ്ലാദേശി ടാക്ക ആണ് (ഏകദേശം 21,330 രൂപ). ഒരൊറ്റ ഫ്ലൂറൈറ്റ് ബ്ലൂ നിറത്തിലാണ് പുതിയ ഫോൺ വരുന്നത്. ഹാൻഡ്സെറ്റ് നിലവിൽ ബംഗ്ലാദേശിൽ മാത്രമേ വാങ്ങാൻ കഴിയൂ, ഇന്ത്യയുൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഇതിന്റെ ലഭ്യതയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.ടെക്നോ പോവ 4 പ്രോയ്ക്ക് 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയുണ്ട്. 6nm മെഡിയടെക് ഡിമെൻസിറ്റി ജി99 ആണ് പ്രോസസർ. ഗെയിമിങ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഹാൻഡ്സെറ്റായി ലോഞ്ച് ചെയ്ത പോവ 4 പ്രോയ്ക്ക് 8 ജിബി റാമിന് മുകളിൽ 5 ജിബി വരെ വെർച്വൽ റാമും പിന്തുണയ്ക്കുന്നു.50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട് ഫോണിന് ലഭിക്കുന്നത്. 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും എൽഇഡി ഫ്ലാഷും ഇതിലുണ്ട്. പഞ്ച്-ഹോൾ കട്ട്-ഔട്ടിൽ സ്ഥാപിച്ചിരിക്കുന്ന 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. മികച്ച ലോ-ലൈറ്റ് സെൽഫികൾക്കായി സെൽഫി ക്യാമറയിൽ ഫ്ലാഷും ഉണ്ട്.45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ആണ് ബാറ്ററി.