Big B
Trending

ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് സെമി കണ്ടക്ടർ നിർമാണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും.ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎൽഐ)യിൽ ഉൾപ്പെടുത്തി 76,000 കോടിയാകും നീക്കിവെക്കുക. അടുത്ത ആറ് വർഷത്തിനുള്ളിൽ അർധചാലക ഉത്പാദനത്തിനായി 76,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. കോമ്പൗണ്ട് സെമികണ്ടക്ടർ വേഫർ ഫാബ്രിക്കേഷൻ(ഫാബ്) അസംബ്ലി, ടെസ്റ്റിങ്, പാക്കേജിങ് എന്നിവ ഉൾപ്പടെയുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് മൂലധനചെലവിന്റെ 25ശതമാനംവരെ ആനുകൂല്യം നൽകുന്നതാണ് പദ്ധതി.മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ ഇലക്ട്രോണിക് ഹബ് ആക്കിമാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്.അർധചാലക ഘടകങ്ങൾ രൂപകല്പനചെയ്യുന്നതിനും നിർമിക്കുന്നതിനുമായി 10 യൂണിറ്റുകളും സെമികണ്ടക്ടർ ഡിസ്പ്ലെകൾക്കായി രണ്ടുയൂണിറ്റുകളും സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 1.7 ലക്ഷംകോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.ഇലക്ട്രോണിക് ഉത്പന്നങ്ങളിലെ പ്രധാനഘടകമായ അർധചാലകങ്ങളുടെ ലഭ്യതക്കുറവ് ലോകമാകെ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പദ്ധതിയെന്നത് ശ്രദ്ധേയമാണ്. മീഡിയടെക്, ഇന്റൽ, ക്വാൽകോം, ടെക്സാസ് ഇൻസ്ട്രുമെന്റ്സ് തുടങ്ങിയ ആഗോള കമ്പനികളെ ആകർഷിക്കാൻ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർധചാലകങ്ങൾ രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും തയ്യാറാകുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനവും നൽകും.സ്മാർട്ഫോൺ, ലാപ്ടോപ്, കാറ്, വീട്ടുപകരണങ്ങൾ എന്നിവയുടെ ഉത്പാദനത്തെ ചിപ്പ് ക്ഷാമം കാര്യമായി ബാധിക്കുകയുംചെയ്തു. ക്ഷാമംകാരണം ആഗോളതലത്തിൽ കാറുകളുടെ ഉത്പാദനത്തിലും കഴിഞ്ഞമാസങ്ങളിൽ കുത്തനെ ഇടിവുണ്ടായി.

Related Articles

Back to top button