Big B
Trending

ആറുമാസത്തിനിടെ 841ശതമാനം കുതിച്ചുയർന്ന് രത്തനിന്ത്യ എന്റർപ്രൈസസിന്റെ ഓഹരി വില

താപവൈദ്യുതി നിലയങ്ങൾക്ക് അടിസ്ഥാനസൗകര്യമൊരുക്കുന്ന കമ്പനിയായ രത്തനിന്ത്യ എന്റർപ്രൈസസിന്റെ ഓഹരി വില ആറുമാസത്തിനിടെ ഉയർന്നത് 841ശതമാനം. 2021 ഏപ്രിൽ 30ന് രേഖപ്പെടുത്തിയ 4.95 രൂപയിൽനിന്ന് 46.6 നിലവാരത്തിലേക്കാണ് ഓഹരി വില കുതിച്ചത്.ഒരുവർഷത്തിനിടെ ഓഹരിയിലുണ്ടായ നേട്ടം 653.87 ശതമാനമാണ്. ഈവർഷത്തെമാത്രം നേട്ടംകണക്കിലെടുത്താൽ ഇത് 548.89ശതമാനവുമാണ്. 6,054 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.2021 ജൂലായ് 27നാണ് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 70.65 രൂപയിലേക്ക് ഓഹരി വില ഉയർന്നത്. 2021 ഏപ്രിൽ ആറിന് താഴ്ന്ന നിലവാരമായ 4.48 രൂപയിലുമെത്തുകയുംചെയ്തു.ഏപ്രിൽ 30ന് രത്തനിന്ത്യ എന്റർപ്രൈസസിന്റെ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇന്നത് 9.41 ലക്ഷമാകുമായിരുന്നു. രണ്ടുദിവസംതുടർച്ചയായുണ്ടായ കുതിപ്പിനുശേഷം 43.80 രൂപ നിലവാരത്തിലാണ് കഴിഞ്ഞദിവസം ഓഹരി ക്ലോസ് ചെയ്തത്.2021 ജൂൺ അവസാനത്തെ കണക്കുപ്രകാരം കമ്പനിയിലെ 74.75ശതമാനം ഓഹരിയും പ്രൊമോട്ടർമാരുടെ കൈവശമാണ്. 25.25ശതമാനമാണ് പൊതുപങ്കാളിത്തം. ഒമ്പത് വിദേശ പോർട്ടഫോളിയോ നിക്ഷേപകർ 9.69ശതമാനം ഓഹരികൾ സ്വന്തമാക്കിയിരിക്കുന്നു.സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല കമ്പനിയുടെ ഓഹരി വിലയിലെ കുതിപ്പെന്ന് കാണാം. നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഒരുകോടിരൂപയാണ് വിറ്റുവരവ്. 2020 ജൂണിലവസാനിച്ച പാദത്തിൽ 0.08കോടി അറ്റാദായംനേടിയ കമ്പനി നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ 0.83കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്.കമ്പനിയുടെ ഉപസ്ഥാപനമായ നിയോസ്കൈയുമായി സഹകരിച്ച് ഈയിടെ ഡ്രോൺ ബിസിനസിലേക്ക് കടന്നിരുന്നു. യുഎസ് അസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ ഡ്രോൺ ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായ മാറ്റെർനെറ്റിൽ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button