
ഫയര്‍ ബോള്‍ട്ട്, പെബ്ബിള്‍ പോലുള്ള ബ്രാന്‍ഡുകള്‍ ആപ്പിള്‍ വാച്ചുകളുടെ പകര്‍പ്പുകള്‍ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പിട്രോണ്‍ എന്ന ഇന്ത്യന്‍ ബ്രാന്‍ഡ് പുതിയ സ്മാര്‍ട് വാച്ച് പുറത്തിറക്കിയിരിക്കുകയാണ്, ഫോഴ്സ് എക്സ് 12 എസ്. കാഴ്ചയില്‍ ആപ്പിള്‍ വാച്ച് സീരീസ് 8-ന് സമാനമാണിത്. എന്നാല്‍ വില വെറും 1499 രൂപ മാത്രമാണ്. 1.85 ഇഞ്ച് എച്ച്ഡി ടച്ച് ഡിസ്പ്ലേയാണിതിന്. ബജറ്റ് നിരക്കില്‍ വലിയൊരു സ്ക്രീന്‍ ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഡിസ്പ്ലേ തന്നെയാണ് ആപ്പിള്‍ വാച്ചിന്റെ ലുക്ക് ഈ വാച്ചിന് നല്‍കുന്നത്. ആപ്പിള്‍ വാച്ചിന് സമാനമായ റോട്ടേറ്റിങ് ക്രൗണ്‍, റീപ്ലേസബിള്‍ സ്ട്രാപ്പ് എന്നിവയും പിട്രോണ്‍ ഫോഴ്സ് എക്സ് 12എസിനുണ്ട്. SpO2 മോണിറ്റിങ്, സ്ലീപ്പ് മോണിറ്ററിങ്, ബ്ലഡ് പ്രഷര്‍ മോണിറ്ററിങ്, സ്റ്റെപ്പ് ട്രാക്കിങ് തുടങ്ങിയ ഫിറ്റ്നസ് ട്രാക്കിങ് സൗകര്യങ്ങളും വാച്ചിലുണ്ട്. എങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ മികച്ച സ്മാര്‍ട് വാച്ച് ആണ് ഇത് എന്ന് പറയാനാവില്ല. എങ്കിലും കുറഞ്ഞ വിലയില്‍ ആപ്പിള്‍ വാച്ചിന്റെ ലുക്ക് കിട്ടുന്നൊരു സ്മാര്‍ട് വാച്ച് ആണിതെന്ന് പറയാം. ബ്ലൂടൂത്ത് കോളിങ് ഫീച്ചര്‍ ഇതിലുണ്ട്. ഇതുവഴി വാച്ചിലൂടെ തന്നെ കോള്‍ എടുത്ത് സംസാരിക്കാന്‍ സാധിക്കും. ഇതിനായി സ്പീക്കറും മൈക്കും വാച്ചിന് നല്‍കിയിട്ടുണ്ട്. ഐപി 68 അംഗീകാരമുള്ള വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സുണ്ട്. എങ്കിലും വെള്ളം കയറി വാച്ച് കേടുവന്നാല്‍ മറ്റ് കമ്പനികളെ പോലെ പി ട്രോണും വാറണ്ടി നല്‍കില്ല. ആമസോണില്‍ പിട്രോണ്‍ ഫോഴ്സ് എക്സ് 12എസ് സ്മാര്‍ട് വാച്ച് ലഭ്യമാണ്.