Big B
Trending

സാമ്പത്തിക രംഗം തളർച്ചയിൽ; ഇടിവ് 7.3%

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ 7.3% ഇടിവ്. ഈ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ കണക്കാണിത്. 1979–80നുശേഷം കഴിഞ്ഞ 4 ദശകത്തിനുള്ളിൽ ആദ്യമായാണ് വർഷം മുഴുവൻ ദീർഘിച്ച ഇടിവുണ്ടാകുന്നത്.അന്ന് ജിഡിപിയിൽ 5.2% ഇടിവാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ 2 പാദങ്ങളിൽ കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു സമ്പദ്‌വ്യവസ്ഥ.പിന്നീട് മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) മൂന്നാം പാദത്തിൽ 0.5 ശതമാനവും അവസാന പാദത്തിൽ 1.6 ശതമാനവും ഉയർന്നു. മുൻവർഷം അവസാനപാദത്തിൽ ഇത് 3% ആയിരുന്നു. മഹാമാരി പിടിമുറുക്കും മുൻപു തന്നെ മാന്ദ്യത്തിലായിരുന്ന സമ്പദ്‌വ്യവസ്ഥ, ലോക്ഡൗൺ കൂടിയായതോടെ കൂടുതൽ തകർച്ചയിലേക്കു വീണു.


2020–21ൽ 135 ലക്ഷം കോടി രൂപയായിരുന്ന ജിഡിപി, മുൻവർഷം 145 ലക്ഷം കോടിയായിരുന്നു. മുൻവർഷത്തെ സ്ഥിതിയിലേക്കു വരണമെങ്കിൽ 2021–22ൽ 10 ശതമാനത്തിലേറെ വളർച്ച നേടേണ്ടതുണ്ട്.എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗം തടഞ്ഞതിനാൽ ഇനി ആ ലക്ഷ്യം നേടാനാവുമെന്നു കരുതുന്നില്ല. തൊഴിലില്ലായ്മ 14.73% ആയി ഉയരുകയും ഉപഭോക്തൃ ഡിമാൻഡ് കുറയുകയും ചെയ്തതാണ് പുതിയ വെല്ലുവിളി. വാക്സിനേഷൻ തീവ്രഗതിയിൽ ആകാത്തതും പ്രശ്നം സൃഷ്ടിക്കുന്നു.നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് രണ്ടാം തരംഗം അത്ര വലിയ പ്രശ്നമായി വരില്ലെന്നും എന്നാൽ രണ്ടക്ക വളർച്ച നേടുക ബുദ്ധിമുട്ടാകും എന്നുമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ. വി. സുബ്രഹ്മണ്യത്തിന്റെ വിലയിരുത്തൽ.

Related Articles

Back to top button