Big B
Trending

വിലക്കയറ്റം താഴേക്ക്

ചില്ലറവില അടിസ്ഥാനമാക്കിയുള്ള ഓഗസ്റ്റിലെ പണപ്പെരുപ്പം നേരിയതോതിൽ കുറഞ്ഞത് റിസർവ് ബാങ്കിന് ആശ്വാസമായി. ഉയർന്ന പരിധിയായ ആറുശതമാനത്തിന് തൊട്ടുതാഴെയാണെങ്കിലും തുടർച്ചയായ മാസങ്ങളിൽ വിലക്കയറ്റതോത് കുറയുകയാണ്.കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം ഓഗസ്റ്റിലെ ഉപഭോക്തൃ വിലസൂചിക 5.3ശതമാനമായാണ് കുറഞ്ഞത്. ജൂലായിൽ 5.59ശതമാനവും ജൂണിൽ 6.29ശതമാനവുമായിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചത്.സമ്പദ്ഘടന ഉണർവിന്റെ പാതയിലായതിനാൽ ഒക്ടോബറിൽ നടക്കുന്ന അടുത്ത വായ്പാനയ അവലോകനത്തിൽ നിലവിലെ നിരക്കുതന്നെ തുടരാൻ ഇത് ആർബിഐക്ക് സഹായകരമാകും. പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാനാകും റിസർവ് ബാങ്കിന്റെ അടുത്തശ്രമം.ജൂലായിലെ 4 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 3.11ശതമാനമായാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ കുറവുണ്ടായത്. പച്ചക്കറി വില 11.7ശതമാനത്തിലേക്ക് ചുരുങ്ങുകയുംചെയ്തു. അതേസമയം, ഇന്ധന വിലയും സർവീസ് ഇൻഫ്ളേഷനും ഉയർന്ന നിരക്കിൽതന്നെ തുടരുകയുമാണ്. തുടർച്ചയായ മാസങ്ങളിലെ വർധന കണക്കിലെടുത്ത് കഴിഞ്ഞ തവണത്തെ പണപ്പെരുപ്പ അനുമാനം 5.1ശതമാനത്തിൽനിന്ന് ശരാശരി 5.7ശതമാനമായി ആർബിഐ ഉയർത്തിയിരുന്നു.കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തെ അതിജീവിക്കാൻ തുടർച്ചയായി ഏഴാമത്തെ തവണയും നിരക്കുകളിൽ മാറ്റംവരുത്തില്ലെന്നാണ് വിപണിയിൽനിന്നുള്ള സൂചന. ധനകാര്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ സമ്പദ്ഘടനയുടെ ഉണർവ് പ്രകടമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ഇതിന് സാധ്യതയേറി.നടപ്പ് സാമ്പത്തികവർഷം രാജ്യം 9.5ശതമാനം വളർച്ചനേടുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ വളർച്ചക്ക് അനുകൂലമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ പണപ്പെരുപ്പനിരക്കിലെ കുറവ് സഹായിക്കും. 2022 ഫെബ്രുവരിവരെ ഈ നിലതുടരാനാകും ആർബിഐയുടെ ശ്രമം.

Related Articles

Back to top button