Big B
Trending

വമ്പൻ നേട്ടംകൊയ്ത് സ്വര്‍ണവ്യാപാര മേഖല

ദീപാവലിയോടനുബന്ധിച്ചുള്ള ‘ധൻതേരസ്’ ദിനത്തിൽ നേട്ടം കൊയ്ത് രാജ്യത്തെ സ്വർണ വ്യാപാര മേഖല. ‘ധൻതേരസ്’ മുഹൂർത്തത്തിൽ രാജ്യ വ്യാപകമായി 7,500 കോടി രൂപയുടെ വില്പന നടന്നതായാണ് കണക്ക്. ഏകദേശം 15 ടൺ സ്വർണം രാജ്യത്തെ ജൂവലറികൾ ഈ ദിവസം വിറ്റഴിച്ചു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സും (സി.എ.ഐ.ടി.) അനുബന്ധ സംഘടനയായ ഓൾ ഇന്ത്യ ജൂവലേഴ്സ് ആൻഡ് ഗോൾഡ്സ്മിത്ത് ഫെഡറേഷനും (എ.ഐ.ജെ.ജി.എഫ്.) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 2,000 കോടി രൂപയുടെ വില്പനയാണ് ‘ധൻതേരസ്’ ദിനത്തിൽ നടന്നത്. ദീപാവലിയോടനുബന്ധിച്ച് മികച്ച വില്പനയുണ്ടാകുമെന്ന് നേരത്തെ തന്നെ സ്വർണ വ്യാപാരികൾ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മുൻ വർഷം കോവിഡ് നിയന്ത്രണങ്ങൾ ശക്തമായതിനാൽ വില്പന കാര്യമായി നടന്നിരുന്നില്ല. എന്നാൽ ഈവർഷം വില്പന കോവിഡിനു മുൻപുള്ള നിലവാരത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് മിക്ക സ്വർണ വ്യാപാരികളും പറയുന്നത്. ഹിന്ദു കലണ്ടർ വർഷം പ്രകാരം ദീപാവലി ഉത്സവാഘോഷങ്ങളുടെ തുടക്ക ദിനമായ ‘ധൻതേരസ്’ സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യമായാണ് ഇന്ത്യക്കാർ കരുതുന്നത്. വടക്കേ ഇന്ത്യക്കാരാണ് ഈ ദിവസത്തിന് അതീവ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ സ്വർണ വില്പനയും കൂടുതൽ നടക്കുന്നത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ.) സംസ്ഥാന ട്രഷററും ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അബ്ദുൾ നാസർ അറിയിച്ചു.കേരളത്തിൽ ദീപാവലി പൊതുവേ വലിയ ആഘോഷമല്ലെങ്കിലും സംസ്ഥാനത്തും ‘ധൻതേരസ്’ ദിവസം മോശമല്ലാത്ത വില്പനയുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ. രാജ്യത്തിനകത്തും പുറത്തുമായി മുൻ വർഷത്തെ അപേക്ഷിച്ച് വില്പന 40-50 ശതമാനം വരെ ഉയർന്നിട്ടുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സി.എം.ഡി. എം.പി. അഹമ്മദ് പറഞ്ഞു. ബെംഗളൂരു, ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മികച്ച ഡിമാൻഡ് പ്രകടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button