Tech
Trending

ചൈനീസ് ആപ്പ് നിരോധനം തുടര്‍ന്ന് സര്‍ക്കാര്‍

രാജ്യ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് വീണ്ടും ഒരു കൂട്ടം ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. 54 ആപ്പുകളാണ് ഇത്തവണ പട്ടികയിലുള്ളത്. ജെറേന ഫ്രീഫയർ, ടെൻസെന്റിന്റെ ക്സ്റൈവർ, ആപ്പ് ലോക്ക് തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.ചൈനയുമായി ബന്ധമുണ്ടെന്നതാണ് ഇവയ്ക്കെതിരെയുള്ള പ്രധാന ആരോപണം. ഇവ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായി പ്രവർത്തിക്കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനും ഭീഷണിയാണെന്നും സർക്കാർ പറയുന്നു.ഇക്കാരണം മുൻനിർത്തി ഇതിനകം 300 ഓളം മൊബൈൽ ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ൽ ചൈനയുമായുള്ള അതിർത്തി തർക്കം സങ്കീർണമായതോടെയാണ് കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചത്.ആപ്പുകൾ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ശത്രുരാജ്യത്തെ സെർവറുകളിലേക്ക് അവ അയക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു. ഈ ആപ്പുകളിൽ ചിലതിന് ക്യാമറ, മൈക്ക്, ജിപിഎസ് പോലുള്ളവ ഉപയോഗിച്ചുള്ള രഹസ്യ നിരീക്ഷണങ്ങൾ നടത്താനാകുമെന്ന ആശങ്കയും സർക്കാർ ഉന്നയിക്കുന്നുണ്ട്.2021 ലാണ് ഇതേ കാരണങ്ങൾ ഉന്നയിച്ച് അന്ന് ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പബ്ജി മൊബൈലിന് ഇന്ത്യയിൽ നിരോധമേർപ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് യുവാക്കൾക്കിടയിൽ ഏറെ ജനപ്രീതിയാർജിക്കാനായ ഗെയിം നിരോധിക്കപ്പെട്ടത് അന്ന് വലിയ വാർത്തയായിരുന്നു.ബാറ്റിൽ റോയേൽ ഗെയിമായ പബ്ജി നിരോധിക്കപ്പെട്ടതോടെ പ്രസ്തുത വിഭാഗത്തിൽ സ്വീകാര്യത നേടാനായ ഗെയിമായിരുന്നു ജെറേന ഫ്രീ ഫയർ. കാൾ ഓഫ് ഡ്യൂട്ടി എന്ന മറ്റൊരു ഗെയിം ഉണ്ടായിരുന്നുവെങ്കിലും ഫ്രീഫയറിന് വലിയ സ്വീകാര്യത നേടാൻ സാധിച്ചു. ഇപ്പോൾ ഫ്രീ ഫയറും നിരോധനം നേരിട്ടിരിക്കുകയാണ്.അതേസമയം ഫ്രീഫയർ ഒരു ചൈനീസ് നിർമിത ഗെയിം അല്ല എന്നതാണ് ശ്രദ്ധേയം. സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജറെനയാണ് ഫ്രീഫയർ ഗെയിമിന്റെ പ്രസാധകർ. വിയറ്റ്നാമീസ് കമ്പനിയായ 111ഡോട്സ് സ്റ്റുഡിയോ ആണ് ഫ്രീഫയർ ഗെയിം നിർമിച്ചത്.ഫ്രീ ഫയർ ഉൾപ്പടെ നിരോധനം നേരിട്ട ആപ്പുകൾ ആപ്പിളും ഗൂഗിളും തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Related Articles

Back to top button