Tech
Trending

ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വരുന്നു

ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്ഥകളുമായി കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി.ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ചട്ടങ്ങൾ.ഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും ഓൺലൈൻ രജിസ്ട്രേഷനും ഏർപ്പെടുത്തുന്നത് നിർബന്ധമാക്കി. ഇനിമുതൽ രജിസ്ട്രേഷൻ ഇല്ലാത്ത ഡ്രോണുകൾ ഉപയോഗിക്കരുതെന്നാണ് ചട്ടത്തിൽ പറയുന്നത്. മേഖലകൾ തിരിച്ചുള്ള ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ചട്ടത്തിൽ പറയുന്നു. ഡ്രോണുകൾ വാടകയ്ക്ക് നൽകുമ്പോഴും ഈ വ്യവസ്ഥകൾ കർശനമായിരിക്കുമെന്നും ചട്ടത്തിൽ പറയുന്നു.500 കിലോ വരെ ഭാരമുള്ള ഡ്രോണുകൾക്കാണു ചട്ടം ബാധകം.

പ്രധാന നിർദേശങ്ങൾ

∙ പ്രവർത്തനാനുമതി ഓൺലൈൻ വഴി. ഇതിനായി ‘ഡിജിറ്റൽ സ്കൈ’ വെബ്സൈറ്റ്.

∙ ഡ്രോണുകൾ പറത്താൻ കഴിയുന്ന മേഖലകളെ ഗ്രീൻ, യെലോ, റെഡ് എന്നിങ്ങനെ മൂന്നായി തിരിക്കും. ഇതിന്റെ വിവരങ്ങൾ ഡിജിറ്റൽ സ്കൈയിൽ.

∙ സുരക്ഷാ പ്രാധാന്യമുള്ള മേഖലകൾ, സമുദ്ര മേഖല എന്നിവയുൾപ്പെട്ട റെഡ് മേഖലയിൽ ഡ്രോൺ ഉപയോഗത്തിനു കർശന നിയന്ത്രണം

∙ യെലോ മേഖലയിൽ വിമാനത്താവളങ്ങളുടെ 12 കിലോമീറ്റർ പരിധിക്കു പുറത്ത് പറക്കാം. നിലവിൽ 45 കിലോമീറ്റർ ആണു പരിധി.

∙ ഗ്രീൻ മേഖലയിൽ 400 അടി വരെ ഉയരത്തിൽ ഡ്രോൺ പറപ്പിക്കാൻ മുൻകൂർ അനുമതി വേണ്ട. ഈ മേഖലയിലുൾപ്പെടുന്ന വിമാനത്താവളങ്ങളുടെ 8 കിലോമീറ്റർ പരിധിക്കുള്ളിൽ പറത്താനാവില്ല. 8– 12 കിലോമീറ്റർ പരിധിക്കുള്ളിൽ 200 അടി ഉയരത്തിൽ പറക്കാം

∙ ഇന്ത്യയിൽ നിർമിച്ചതോ ഇറക്കുമതി ചെയ്തതോ ആയ ഡ്രോണുകൾ ഡിജിറ്റൽ സ്കൈയിൽ റജിസ്റ്റർ ചെയ്യണം; തിരിച്ചറിയൽ നമ്പർ നേടണം.

∙ നിശ്ചിത നിലവാരമുള്ള ഡ്രോണുകളേ പറത്താനാവൂ. ഇതിനായി ഡിജിറ്റൽ സ്കൈ വഴി ടൈപ്പ് സർട്ടിഫിക്കറ്റ് നേടണം. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്കു ടൈപ്പ് സർട്ടിഫിക്കറ്റ് വേണ്ട.

∙ ലൈസൻസ് ഫീസ് 3000 രൂപയിൽ നിന്ന് 100 ആയി കുറച്ചു.

∙ 2 കിലോയിൽ കൂടുതൽ ഭാരമുള്ള ഡ്രോണുകൾ പറത്താൻ റിമോട്ട് പൈലറ്റ് ലൈസൻസ് നിർബന്ധം.18– 65 പ്രായമുള്ള 10–ാം ക്ലാസ് ജയിച്ച, അംഗീകൃത കോഴ്സ് പൂർത്തിയാക്കിയവർക്ക് ഡിജിറ്റൽ സ്കൈ വഴി ലൈസൻസിന് അപേക്ഷിക്കാം. 10 വർഷത്തേക്കാണ് ലൈസൻസ്. നാനോ ഡ്രോണുകളും വാണിജ്യേതര ആവശ്യങ്ങൾക്ക് മൈക്രോ (250 ഗ്രാം– 2 കിലോ) ഡ്രോണുകളും പറത്താൻ ലൈസൻസ് വേണ്ട.

∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, വ്യവസായ വികസന വകുപ്പിന്റെ അംഗീകാരമുള്ള സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡ്രോൺ നിർമാതാക്കൾ എന്നിവയ്ക്ക് ഗവേഷണ, പരീക്ഷണ ആവശ്യങ്ങൾക്ക് ഗ്രീൻ മേഖലയിൽ ഡ്രോണുകൾ പറത്താൻ ടൈപ്പ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ നമ്പർ, പൈലറ്റ് ലൈസൻസ്, മുൻകൂർ അനുമതി എന്നിവ ആവശ്യമില്ല.

∙ ചട്ടങ്ങൾ ലംഘിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ.

Related Articles

Back to top button