Tech
Trending

രാജ്യത്ത് വിപിഎന്‍ നിരോധിക്കാന്‍ നിര്‍ദേശം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി രാജ്യത്ത് വെർച്വൽ പ്രൈവറ്റ് (വിപിഎൻ) നെറ്റ് വർക്ക് നിരോധിക്കണമെന്ന നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഭ്യന്തര കാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റി. കുറ്റവാളികൾക്ക് ഓൺലൈനിൽ ഒളിച്ചിരിക്കാൻ വിപിഎൻ സഹായിക്കുന്നുവെന്നും അതിനാൽ രാജ്യത്ത് വിപിഎൻ സ്ഥിരമായി നിരോധിക്കുന്നതിന് ഒരു ഏകോപന സംവിധാനം വികസിപ്പിക്കണമെന്നുമാണ് കമ്മിറ്റിയുടെ ആവശ്യം.ഇന്ത്യയിലെ മിക്ക കമ്പനികളും തങ്ങളുടെ ഡിജിറ്റൽ വിവര ശേഖരത്തിന്റേയും നെറ്റ് വർക്കുകളുടേയും സംരക്ഷണത്തിനായി വിപിഎൻ നെറ്റ് വർക്കുകളെ ആശ്രയിക്കുന്നുണ്ട്. കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോം ജോലികൾ സുരക്ഷിതമാക്കുന്നതിനും വിപിഎൻ നെറ്റ് വർക്കുകളെ തന്നെയാണ് കമ്പനികൾ ആശ്രയിക്കുന്നത്. ഈ നിർദേശം വിചിത്രവും തെറ്റായ തീരുമാനമാണെന്നും ഇന്റർനെറ്റ് പോളിസി വിദഗ്ദർ അഭിപ്രായപ്പെടുന്നു.വിപിഎൻ നിരോധനം ഒരു മോശം മാതൃക സൃഷ്ടിക്കുമെന്നും ഇത് ഇന്റർനെറ്റിനെ സുരക്ഷിതമായി വ്യവസായം നടത്താനുള്ള ഒരു മാധ്യമമല്ലാതാക്കിമാറ്റുമെന്നും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് അമിതാബ് സിംഗാൾ ബിസിനസ് ലൈനിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. സുരക്ഷയുറപ്പാക്കാൻ ഇതിനേക്കാൾ മികച്ച വഴികൾ സർക്കാരിന് മുന്നിലുണ്ട്. ചില സാമൂഹിക വിരുദ്ധർ അവരുടെ ഐഡന്റിറ്റി മറച്ചുവെക്കുന്നതിന് വിപിഎൻ ഉപയോഗിക്കുന്നുണ്ടെന്ന് കരുതി സമ്പൂർണ നിരോധനം ഏർപ്പെടുത്തണം എന്ന വാദം സാധുവാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button