Tech
Trending

ഒട്ടേറെ പുത്തൻ ഫീച്ചറുകളുമായി ഐഒഎസ്‌ 15 അവതരിപ്പിച്ചു

ആപ്പിൾ ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 15 ഔദ്യോഗികമായി പുറത്തിറക്കി. ഐഫോൺ 6എസ് മുതലുള്ള ഐഫോൺ പതിപ്പുകളിൽ ഐഒഎസ് 15 ലഭിക്കും. ഇതിന്റെ ഡെവലപ്പർ പ്രിവ്യൂ ഉടൻ തന്നെ ലഭ്യമാക്കും. അടുത്തമാസമാണ് പബ്ലിക് ബീറ്റ പുറത്തിറക്കുക.ഫെയ്സ് ടൈം, ഐമെസേജ് പോലെ ഐഒഎസിൽ ലഭ്യമായ സേവനങ്ങളിൽ നവീനമായ ചില ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.


ഏറ്റവും പ്രധാനപ്പെട്ട ചില മാറ്റങ്ങൾ വന്നിട്ടുള്ളത് ഐഒഎസിലെ വീഡിയോ കോൾ സേവനമായ ഫെയ്സ് ടൈമിലാണ്.ആ മാറ്റങ്ങളിൽ ആദ്യത്തേതാണ് സ്പേഷ്യൽ ഓഡിയോ. വീഡിയോ കോളിൽ പങ്കെടുക്കുന്ന ആളുകൾക്ക് അവർ എല്ലാവരും ഒരു മുറിയിലിരുന്ന് സംസാരിക്കുന്ന അനുഭവം നൽകുന്ന ഫീച്ചറാണിത്. വീഡിയോകോളിൽ ആളുകളുടെ സ്ഥാനമനുസരിച്ചുള്ള ശബ്ദക്രമീകരണം ഫെയ്സ്ടൈം ഉപയോഗം പുതിയ തലത്തിലേക്കുയർത്തും.ഇതിന് സഹായകമാകും വിധം വോയ്സ് ഐസൊലേഷൻ എന്നൊരു ഫീച്ചറും ഫെയ്സ്ടൈമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തല ശബ്ദങ്ങളെ തടഞ്ഞ് സംസാരിക്കുന്നയാളുടെ ശബ്ദത്തിന് പ്രാധാന്യം നൽകുന്ന സൗകര്യമാണിത്. പശ്ചാത്തല ശബ്ദം ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ വൈഡ് സ്പെക്ട്രം മോഡിലേക്ക് മാറ്റുകയും ചെയ്യാം.ഫെയ്സ്ടൈം കോളിൽ മുഖങ്ങളെല്ലാം ഗ്രിഡ് വ്യൂവിലാണ് കാണുക. ആരാണ് സംസാരിക്കുന്നത് മനസിലാക്കാൻ എളുപ്പത്തിൽ സാധിക്കും വിധമാണ് ഇതിന്റെ രൂപകൽപന. പശ്ചാത്തലം മങ്ങിയതാക്കി ആളുകളെ ഫോക്കസ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.ഫെയ്സ് ടൈം കോളിലേക്ക് ഇനി ലിങ്കുകൾ വഴി ആളുകളെ ക്ഷണിക്കാം. ഈ ലിങ്കിലൂടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും പിസി ഉപയോക്താക്കൾക്കുമെല്ലാം ഒരു ബ്രൗസർ വഴി ഫെയ്സ് ടൈമിൽ ലോഗിൻ ചെയ്യാനാവും. ലിങ്കുകൾ മുൻകൂട്ടി തയ്യാറാക്കി വീഡിയോ കോളുകൾ ഷെഡ്യൂൾ ചെയ്ത് വെക്കുകയും ആവാം.ഫെയ്സ് ടൈമിൽ കൊണ്ടുവന്ന മറ്റൊരു പുതിയ ഫീച്ചറാണ് ഷെയർ പ്ലേ. വീഡിയോ കോളിൽ ഒന്നിച്ചിരുന്ന് പാട്ട് കേൾക്കാനും വീഡിയോ കാണാനും സാധിക്കുന്ന സൗകര്യമാണിത്. ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി എന്നിവയും തേഡ് പാർട്ടി സേവനങ്ങളായ ടിക് ടോക്ക്, ഡിസ്നി പ്ലസ്, ഹുലു, എച്ബിഓ മാക്സ്, മാസ്റ്റർ ക്ലാസ്, എൻബിഎ, പാരാമൗണ്ട് പ്ലസ് തുടങ്ങിയവയും ഷെയർപ്ലേയിൽ ലഭ്യമാണ്. ഒപ്പം പേഴ്സണൽ ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും പങ്കുവെക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും എളുപ്പം കാണാൻ ഇനി ഐമെസേജിൽ സാധിക്കും. ചിത്രങ്ങൾക്കായി പുതിയ കൊളാജ്, സ്റ്റാക്ക് ഡിസൈനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം ചിത്രങ്ങൾ അയക്കുമ്പോൾ അവ ചാറ്റ് വിൻഡോയിൽ നിന്നുകൊണ്ട് തന്നെ സൈപ്പ് ചെയ്ത് കാണാനും അത് ഒന്നിച്ച് ഗ്രിഡ് ഗാലറിയായി കാണാനും സാധിക്കും. ഐമെസേജിൽ മറ്റുള്ളവർ അയച്ചു തരുന്നവ ആപ്പിൾ ന്യൂസ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ഫോട്ടോസ്, സഫാരി, പോഡ്കാസ്റ്റ്സ് എന്നിവയിൽ എളുപ്പം കണാൻസാധിക്കും വിധം ക്രമീകരിക്കുകയും ചെയ്യും.നോട്ടിഫിക്കേഷനുകൾ പുതിയ രീതിയിൽ അവതരിപ്പിക്കുകയാണ് ആപ്പിൾ. ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താനാവും വിധമാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്ന് ആപ്പിൽ പറയുന്നു. ആപ്പ് സമ്മറി എന്ന ഫീച്ചറിലൂടെ ഫോണിൽ നിരന്തരം നോട്ടിഫിക്കേഷനുകൾ വന്നുകൊണ്ടിരിക്കുന്നതിന് പകരം നിശ്ചിത സമയത്ത് അവ സമ്മറിയായി കാണാം.ഐഫോൺ പോക്കറ്റിൽ നിന്നെടുക്കാതെ തന്നെ കാർ അൺലോക്ക് ചെയ്ത് ഡ്രൈവ് ചെയ്യാൻ സാധിക്കുന്ന അൾട്രാ വൈഡ് ബാൻഡ് പൊസിഷൻ അവെയർ ലൊക്കേഷൻ പിന്തുണയോടെയാണ് പുതിയ ആപ്പിൾ വാലറ്റ് തയ്യാറാക്കിയിരിക്കുന്നത്. വീടിന്റെ വാതിൽ, ഓഫീസ്, ഹോട്ടൽ എന്നിവ അൺലോക്ക് ചെയ്യാനുള്ള സൗകര്യവും താമസിയാതെ ഇതിൽ ലഭിക്കും.

Related Articles

Back to top button