Big B
Trending

ഹരിത ഊർജ മേഖലയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്

അടുത്ത പത്തുവർഷംകൊണ്ട് ഹരിത ഊർജ രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ലോകത്തിൽ ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതിയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ജെ.പി. മോർഗൻ ഇന്ത്യ നിക്ഷേപക സമാഗമത്തിൽ പറഞ്ഞു. നാലു വർഷത്തിനകം പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള കമ്പനിയുടെ ഊർജോത്പാദനം മൂന്നുമടങ്ങു വർധിപ്പിക്കും. ഇതോടൊപ്പം ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിലേക്കും കടക്കും. 2030-ഓടെ കമ്പനിയുടെ ഡേറ്റ സെന്ററുകളെല്ലാം ഹരിത ഊർജത്തിലാക്കും. 2025-ഓടെ അദാനി ഗ്രൂപ്പ് തുറമുഖങ്ങൾ കാർബൺ ന്യൂട്രലാക്കിമാറ്റും. 2025 വരെയുള്ള മൂലധന ചെലവിൽ 75 ശതമാനവും ഹരിത സാങ്കേതികവിദ്യയ്ക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനം, ഈ മേഖലയ്ക്കാവശ്യമായ ഘടകങ്ങളുടെ നിർമാണം, ഊർജ വിതരണം, ഹൈഡ്രജൻ ഉത്പാദനം എന്നിങ്ങനെയാകും നിക്ഷേപം.അദാനിഗ്രൂപ്പിന് നിലവിൽ 4,920 മെഗാവാട്ടിന്റെ ഹരിത ഊർജോത്പാന ശേഷിയാണുള്ളത്. 5,124 മെഗാവാട്ടിന്റെ പദ്ധതി അന്തിമഘട്ടത്തിലാണ്. 2030 -ഓടെ പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്നും അദാനി പറഞ്ഞു. കഴിഞ്ഞ എട്ടുവർഷത്തിനിടെ 1,200 കോടി ഡോളറിന്റെ അമ്പതോളം ആസ്തികൾ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മൂന്നുവർഷത്തിനകം ഹരിത ഊർജമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സമ്പത്തിൽ രാജ്യത്ത് രണ്ടാമതുള്ള ഗൗതം അദാനിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

Related Articles

Back to top button