Tech
Trending

ഫെയ്‌സ്ബുക്ക് പ്രൊട്ടക്റ്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക്

ഹാക്കർമാരിൽനിന്നും മറ്റും ഭീഷണി നേരിടുന്ന അക്കൗണ്ടുകൾക്ക് അധിക സുരക്ഷ നൽകുന്ന ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് പ്രോഗ്രാം ഇന്ത്യ ഉൾപ്പടെ കൂടുതൽ രാജ്യങ്ങളിലേക്ക് അവതരിപ്പിക്കുന്നു. 2018-ൽ അമേരിക്കയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2020-ലെ തിരഞ്ഞെടുപ്പുകളിൽ ഇതിന് കൂടുതൽ പ്രചാരം നൽകി. ഈ വർഷം അവസാനത്തോടെ 50 രാജ്യങ്ങളിലേക്ക് കൂടി എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.ഹാക്കർമാരിൽനിന്നും ശത്രുക്കളിൽനിന്നും ഭീഷണി നേരിടുന്നവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് അധിക സുരക്ഷ നൽകുന്നതിനായാണ് ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് പ്രോഗ്രാം അവതരിപ്പിച്ചത്. മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പൊതുപ്രവർത്തകർ ഉൾപ്പടെ പൊതു സംവാദങ്ങളുടെ കേന്ദ്രമായ വ്യക്തിത്വങ്ങളുടെയെല്ലാം അക്കൗണ്ടുകൾക്ക് ഇതുവഴി അധിക സുരക്ഷ ലഭിക്കും.ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.ഈ കൂട്ടത്തിൽ പെടുന്നവരുടെ അക്കൗണ്ടുകളിൽ ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് ഓൺ ചെയ്യാനുള്ള സന്ദേശം കാണാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ അക്കൗണ്ടുകളിൽ ‘ടൂ ഫാക്ടർ ഒതന്റിക്കേഷൻ’ നിർബന്ധമാക്കും. അതായത് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ എസ്എംഎസ് വഴി ലഭിക്കുന്ന ഓടിപി കൂടി നൽകേണ്ടിവരും. കൂടാതെ ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റിന്റെ ഭാഗമായ അക്കൗണ്ടുകളുടെ സുരക്ഷ ഫെയ്സ്ബുക്ക് നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്ന മ്യാൻമർ എത്യോപിയ പോലുള്ള രാജ്യങ്ങളിലും ഈ സംവിധാനം അവതരിപ്പിക്കും.ഇതുവരെ 15 ലക്ഷത്തിലേറെ ഭീഷണിനേരിടുന്ന അക്കൗണ്ടുകളിൽ ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഫെയ്സ്ബുക്കിന്റെ സുരക്ഷാ വിഭാഗം മേധാവി നതാനിയേൽ ഗ്ലെയ്ചർ പറയുന്നത്. ഇതിൽ 9.5 ലക്ഷം അക്കൗണ്ടുകൾ ടൂ ഫാക്ടർ ഒതന്റിക്കേഷൻ ആദ്യമായി ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button