Auto
Trending

ഇലക്ട്രിക് കാറിന് സമയം കുറിച്ച് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഷവോമി

ലോകത്താകമാനമുള്ള വാഹന നിർമാതാക്കളെ പോലെ തന്നെ ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് ഉറ്റുനോക്കുകയാണ് മൊബൈൽ ഫോൺ-ഇലക്ട്രോണിക്സ് കമ്പനികളും. ആപ്പിളിൽ തുടങ്ങി റിയൽമീ വരെയുള്ള സ്മാർട്ട് ഫോൺ നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇലക്ട്രിക് വാഹനത്തിന്റെ വരവിനുള്ള സമയം കുറിക്കുകയാണ് ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഷവോമി.ഷവോമിയുടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പ്രവേശനം ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഷവോമിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ലീ ജൂൻ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതേസമയം, അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ അനുസരിച്ച് 2024-ൽ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാർ വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2024-ൽ നിർമാണം തുടങ്ങുമെന്നും 2026-ഓടെ ആദ്യ വാഹനം എത്തുമെന്നുമായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നിരുന്നത്.ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി പ്രത്യേകം വിഭാഗത്തെ ഷവോമി രൂപീകരിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ലീ ജൂനിന്റെ നേതൃത്വത്തിൽ തന്നെയായിരിക്കും ഈ വിഭാഗത്തിന്റെയും പ്രവർത്തനം. ബെയ്ജിങ്ങിലാണ് ഷവോമിയുടെ വാഹന നിർമാണശാല ഒരുങ്ങുന്നത്. പ്രതിവർഷം മൂന്ന് ലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പ്ലാന്റ് ആയിരിക്കും ഷവോമി ഒരുക്കുകയെന്നാണ് റിപ്പോർട്ട്. 2024-ഓടെ ഇതിന്റെ പ്രവർത്തനം ആരംഭിച്ചേക്കും.ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനായി 75,395 കോടി രൂപയുടെ (1000 കോടി ഡോളർ) നിക്ഷേപമാണ് ഷവോമി നടത്തുന്നതെന്നാണ് മറ്റൊരു റിപ്പോർട്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇലക്ട്രിക് കാർ ബിസിനസിന് ആവശ്യമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും, റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിലേക്കുള്ള നിയമനങ്ങൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വാഹന നിർമാണത്തിൽ ഏതെങ്കിലും പങ്കാളികളുടെ പിന്തുണയുണ്ടോയെന്ന വ്യക്തമല്ല.എട്ട് വർഷത്തെ പാരമ്പര്യമുള്ള സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമി വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറ്റ് ബിസിനസുകളിലേക്കും ചുവടുവയ്ക്കുന്നതെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button