
യൂട്യൂബിനെ ഐഒഎസ് ആപ്പിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. കഴിഞ്ഞ ഡിസംബറിനു ശേഷം ഇതാദ്യമായാണ് ഗൂഗിൾ സുപ്രധാന ആപ്ലിക്കേഷനായ യൂട്യൂബിൽ ഒരു അപ്ഡേറ്റ് അവതരിപ്പിക്കുന്നത്. യൂട്യൂബിന്റെ ഏറ്റവുമൊടുവിലെ അപ്ഡേറ്റ് വന്നത് കഴിഞ്ഞ ഡിസംബർ 7 നാണ്. ഫെബ്രുവരി 13 മുതലാണ് പുതിയ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയത്. ബഗ്ഗുകൾ പരിഹരിച്ചു, പ്രകടനം മെച്ചപ്പെടുത്തി തുടങ്ങിയ വിവരങ്ങളാണ് അപ്ഡേറ്റിനൊപ്പമുള്ളത്.

ദിവസങ്ങൾക്ക് മുൻപ് ഐഫോണിലെ യൂട്യൂബ് ആപ്പിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘ദിസ് ആപ്പ് ഈസ് ഔട്ട് ഓഫ് ഡേറ്റ്’എന്ന നോട്ടിഫിക്കേഷൻ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ അറിയിപ്പ് വേഗം തന്നെ നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് യൂട്യൂബ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. താമസിയാതെ തന്നെ ഗൂഗിളിന്റെ മറ്റ് ആപ്പുകളുടെയും അപ്ഡേറ്റുകൾ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കാം.