Tech
Trending

സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധന: നേട്ടം കൊയ്ത് ബിഎസ്എന്‍എൽ

രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധന പ്രഖ്യാപിച്ചത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന് നേട്ടമായതായി റിപ്പോർട്ട്. 2021 ഡിസംബറിൽ ബിഎസ്എൻഎലിന് 11 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ കമ്പനികളിൽ ഭാരതി എയർടെലിന് മാത്രമാണ് ഡിസംബറിൽ പുതിയ വരിക്കാരെ കിട്ടിയത്. ജിയോ, വോഡഫോൺ ഐഡിയ എന്നിവർക്ക് വരിക്കാരെ നഷ്ടമായി. 1.29 കോടി ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് നഷ്ടമായത്.ഇനിയും 4ജിയിലേക്ക് പൂർണമായും മാറിയിട്ടില്ലാത്ത ബിഎസ്എൻഎലിലേക്കാണ് ആളുകൾ പോവുന്നത് എന്നതാണ് ശ്രദ്ധേയം. മുൻനിര സ്വകാര്യ കമ്പനികളുടെ പ്രീപെയ്ഡ് നിരക്ക് വർധന തന്നെയാണ് ഇതിന് പ്രധാന കാരണമായി കണക്കാക്കുന്നത്.ബിഎസ്എൻഎൽ 4ജിയിലേക്ക് മാറിയാൽ തീർച്ചയായും ഉപഭോക്താക്കൾ ബിഎസ്എൻഎലിനെ കൈവിടാൻ സാധ്യതയില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിന് കാരണം കുറഞ്ഞ നിരക്ക് തന്നെയാണ്. അടുത്തിടെ ബിഎസ്എൻഎലിൽ നിന്നുണ്ടായ കൊഴിഞ്ഞുപോക്കിനുള്ള പ്രധാന കാരണം 4ജിയുടെ അഭാവമായിരുന്നു. മറ്റ് കണക്ഷനുകൾ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാനാവുന്നത് ഉപഭോക്താക്കളെ ആകർഷിക്കുകയായിരുന്നു. രണ്ട് നമ്പറുകൾ കൈകാര്യം ചെയ്യുന്നവരും ചിലവ് കുറയ്ക്കാൻ ബിഎസ്എൻഎലിലേക്ക് ചേക്കേറിയിട്ടുള്ളവരാവാനിടയുണ്ട്.അതേസമയം ഇതുവഴി കുറഞ്ഞ തുകമാത്രം ചിലവഴിക്കുന്ന ഉപഭോക്താക്കളെ ഒഴിവാക്കാൻ സ്വകാര്യ കമ്പനികൾക്ക് സാധിച്ചു. ഇതുവഴി അവരുടെ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ഉയരും (ആവറേജ് റവന്യൂ പെർ യൂസർ). ബിഎസ്എൻഎലിന് പുതിയ കുറേ ഉപഭോക്താക്കളെ കിട്ടുകയും ചെയ്തു. സംഭവം രണ്ട് കക്ഷികൾക്കും നേട്ടം തന്നെ.ബിഎസ്എൻഎലിനോട് ഇപ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾക്ക് താൽപര്യമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായ പ്രതിഭാസം. സർക്കാർ സ്ഥാപനമെന്ന നിലയിലുള്ള വിശ്വാസ്യത ഇനിയും ഉപഭോക്താക്കൾക്ക് നഷ്ടമായിട്ടില്ല. പക്ഷെ അവർ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് സേവനം ഉയരുന്നില്ല എന്നതാണ് പ്രശ്നം.

Related Articles

Back to top button