
ഏത് റെസല്യൂഷനുള്ള ഡിസ്പ്ലേയാണെങ്കിലും ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിലിനി യൂട്യൂബ് വഴി 4കെ വീഡിയോകൾ ആസ്വദിക്കാം. റെഡിറ്റ് ത്രെഡ്ഡുകൾ അടിസ്ഥാനമാക്കി 9 ടു 5 ഗൂഗിളാണ് ഇക്കാര്യം പുറത്തുവിട്ടത്. 720 പിക്സലുള്ള സ്മാർട്ട്ഫോണിൽ വരെ ഈ സൗകര്യം ലഭിക്കുന്നുണ്ട്.

4കെ റസല്യൂഷനുള്ള വീഡിയോകൾ നേരത്തെതന്നെ യൂട്യൂബ് നൽകിയിരുന്നുവെങ്കിലും ഫോണുകളുടെ റസല്യൂഷൻ അടിസ്ഥാനമാക്കിയാണ് ഇത് നൽകിയിരുന്നത്. യൂട്യൂബ് നിലവിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന റെസല്യൂഷനാണ് 4കെ. വിപണിയിൽ ലഭ്യമായിട്ടുള്ള ഭൂരിഭാഗം ഫ്ലാഗ്ഷിപ്പ് ഫോണുകളിലും 1440 പിക്സൽ റെസല്യൂഷനുണ്ട്. എങ്കിലും ഏറ്റവും സാധാരണമായത് 1080 പിക്സൽ സ്ക്രീനുകളാണ്. 1080 പിക്സൽ റെസല്യൂഷനുള്ള ഫോണിൽ 4കെ വീഡിയോ കാണുമ്പോൾ ഫോൺ സ്ക്രീൻ റെസല്യൂഷനിൽ കാര്യമായ മാറ്റമുണ്ടാകില്ല. എങ്കിലും കുറച്ചുകൂടി വ്യക്തമായ ദൃശ്യങ്ങൾ കാണാൻ 4കെ മോഡിൽ സാധിക്കും. എന്നാൽ മികച്ച ഇൻറർനെറ്റ് കണക്റ്റിവിറ്റിയില്ലെങ്കിൽ 4കെ വീഡിയോ കാണുന്നത് സുഖകരമാവില്ല. ഇൻറർനെറ്റ് വേഗം യൂട്യൂബിന്റെ പ്രവർത്തനത്തെ കാര്യമായിത്തന്നെ ബാധിക്കാറുണ്ട്.