
ജര്‍മന്‍ ക്യാമറ ബ്രാന്‍ഡായ ലെയ്ക ക്യാമറയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമി. ഇരു കമ്പനികളും ചേര്‍ന്നുള്ള ആദ്യ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണ്‍ ജൂലായില്‍ അവതരിപ്പിക്കുമെന്ന് ഷാവോമി പറഞ്ഞു. ഇത് ഷാവോമി 12 അള്‍ട്ര സ്മാര്‍ട്ഫോണ്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഫ്ളാഗ്ഷിപ്പ് ഫോണായ ഷാവോമി 12 പ്രോ സ്മാര്‍ട്ഫോണിനേക്കാള്‍ മെച്ചപ്പെട്ട ക്യാമറാ ഫീച്ചറുകളായിരിക്കും ഷാവോമി 12 അള്‍ട്ര വാഗ്ദാനം ചെയ്യുക.ലോക നിലവാരമുള്ള ലെന്‍സുകളും ക്യാമറകളും പുറത്തിറക്കുന്ന മുന്‍നിര ബ്രാന്‍ഡുകളിലൊന്നാണ് ലെയ്ക. ചുവന്ന വൃത്തത്തിനുള്ളില്‍ ലെയ്ക എന്നെഴുതിയ ബ്രാന്‍ഡ് ഐക്കണാണ് കമ്പനിയുടെ ഉല്പന്നങ്ങളില് ഉണ്ടാവുക. ലെയ്ക ക്യാമറയുമായി എത്തുന്ന ഷാവോമി ഫോണിലും ഇതേ ബ്രാന്‍ഡിങ് ഉണ്ടായേക്കും.ഇത് പോലെ മറ്റ് ചില കമ്പനികളും മുന്‍നിര ക്യാമറ ബ്രാന്‍ഡുകളുമായി ചേര്‍ന്നുള്ള പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. ലെന്‍സും ക്യാമറയും നിര്‍മിക്കുന്ന ജര്‍മന്‍ കമ്പനി സീസ് ഗ്രൂപ്പുമായി ചേര്‍ന്ന് വിവോ ഫോണുകള്‍ ഇറക്കുന്നുണ്ട്. ഓപ്പോ, വണ്‍പ്ലസ് തുടങ്ങിയ കമ്പനികള്‍ സ്വീഡിഷ് കമ്പനിയായ ഹാസല്‍ബ്ലാഡിന്റെ ക്യാമറകള്‍ ഉള്‍പ്പെടുത്തിയുള്ള ഫോണുകള്‍ വിപണിയിലിറക്കുന്നുണ്ട്.