
പോർട്ടുകളൊന്നുമില്ലാതെ സ്ക്രീൻ മാത്രമുള്ള സാങ്കല്പിക സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. ഈ ഫോണിന് ഇതുവരെയും പേരിട്ടിട്ടില്ലെങ്കിലും ഇതിനായി 46 പേറ്റന്റുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ഇത് വിപണിയിലെത്തിക്കാൻ കഴിഞ്ഞാൽ ലോകത്തിലെ ആദ്യത്തെ ക്വാഡ്-കേർവ്ഡ് വാട്ടർഫോൾ സ്ക്രീനുള്ള ഫോണായിരിക്കുമിത്. ഈ ഫോണിൻറെ ഫ്രെയിം മുഴുവനും സ്ക്രീനിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഇതിൻറെ 88 ഡിഗ്രി ഹൈപ്പർ ക്വാഡ്-കേർവ്ഡ് സ്ക്രീൻ ഡിസൈൻ, വിഷ്വൽ ഇൻറർഫേസുകളെ ഫോണിൻറെ പ്രതലത്തിൽ വെള്ളം പോലെ ഒഴുകാൻ അനുവദിക്കുമെന്ന് കമ്പനി പറയുന്നു. പോർട്ടുകളും ബട്ടണുകളും പോയിട്ട് സ്പീക്കറുകളുടെ ഗ്രില്ലുകൾ പോലും ഈ ഫോണിലില്ല. അതായത് ഇവയുടെയെല്ലാം പ്രവർത്തനങ്ങൾ ഫോണിൻറെ സ്ക്രീനിലൂടെ നടത്താനാണ് കമ്പനി ശ്രമിക്കുന്നത്. കൂടാതെ ഈ ഫോണിൽ ഉൾക്കൊള്ളിക്കുന്ന മറ്റു സാങ്കേതിക വിദ്യകളിൽ ചിലത്, വളരെയധികം നേർത്ത പിയസോഇലക്ട്രിക് സെറാമിക്സ്, മൂന്നാം തലമുറ ഡിസ്പ്ലേക്കിടയിൽ ഘടിപ്പിക്കുന്ന ക്യാമറകൾ, ഫ്ലെക്സിബിൾ ഫിലിം ഡിസ്പ്ലേ അക്കോസ്റ്റിക് ടെക്നോളജി, ഇസിം ചിപ്പുകൾ, വയർലെസ് ചാർജിങ്, മർദ്ദമുപയോഗിച്ച് പ്രവർത്തിക്കുന്ന സെൻസറുകൾ തുടങ്ങിയവയാണ്. എന്നാൽ ഇത്തരം ഫോണുകൾ നിർമ്മിക്കാൻ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി എല്ലാ വശങ്ങളിലേക്കും ഒരേ രീതിയിൽ ഗ്ലാസുകൾ വളച്ചൊടിക്കുക എന്നതാണ്. ഇതിനായി പുതിയ സാങ്കേതികവിദ്യ കമ്പനി സ്വന്തമായി നിർമ്മിക്കേണ്ടതുണ്ട്.