
ഷഓമി മി മിക്‌സ് ഫോള്‍ഡ് എന്ന പേരില്‍ 8.1-ഇഞ്ച് വലുപ്പമുള്ള ഓലെഡ് ഡിസ്‌പ്ലെയുള്ള ഫോണ്‍ പുറത്തിറക്കി. 16 ജിബി വരെ റാം ഉളള മോഡലുകളുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ ഫോണിന് 512 ജിബി വരെ സ്റ്റോറേജ് ശേഷി ഉണ്ടായിരിക്കും.ഫോണിന്റെ 2കെ സ്‌ക്രീനാണ് പ്രധാന ആകര്‍ഷണീയത. ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും വലുപ്പമുള്ള ഫോണ്‍ സ്‌ക്രീനുകളിലൊന്നാണിത്. ഇതോടെ സാംസങും വാവെയും മുന്നിട്ടു നില്‍ക്കുന്ന ഫോള്‍ഡബിൾ ഫോണ്‍ മേഖലയിൽ ഷഓമിയും സജീവമായി.

ഫോണിലെ തുറന്നിരിക്കുന്ന വിന്‍ഡോകളുടെ വലുപ്പം ക്രമീകരിക്കാനാകും. അകത്തെ സ്‌ക്രീനിനു കൂടിയ റിഫ്രഷ് റെയ്റ്റ് ഇല്ല. പുറമേയുള്ള സ്‌ക്രീനും അതിമനോഹരമാണ്. ഇതിനും 6.5-ഇഞ്ച് വലുപ്പമുണ്ട്. ഷഓമി ആദ്യമായി ഇറക്കുന്ന ഈ ഫോള്‍ഡബിൾ ഫോണിന് ഡെസ്‌ക്ടോപ് മോഡും ഉണ്ട്. ഇതിന് 90ഹെട്‌സ് റിഫ്രഷ് റെയ്റ്റുമുണ്ട്.പുതിയ ഫോണില്‍ മറ്റൊരു കമ്പനിയും നടത്താത്ത ചില പരീക്ഷണങ്ങളാണ് ഷഓമി നടത്തിയിരിക്കുന്നത്. ലോകത്തെ ആദ്യത്തെ ലിക്വിഡ് ലെന്‍സും കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത ‘സേര്‍ജ് സി1 സിഗ്നല്‍ പ്രോസസറും’ ഉള്‍പ്പെടുത്തിയിരിക്കുന്നു. മിക്‌സ് ഫോള്‍ഡിന്റെ പ്രധാന ക്യാമറയ്ക്ക് 108 എംപിയാണ് റെസലൂഷന്‍. 13 എംപി അള്‍ട്രാവൈഡ് ലെന്‍സും, 8 എംപി ലിക്വിഡ് ലെന്‍സുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സെല്‍ഫിക്കും വിഡിയോ കോളിനുമായി 20 എംപി ക്യാമറയും നല്‍കിയിട്ടുണ്ട്. ഫോണിന് 5020 എംഎഎച് ഇരട്ട സെല്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇതിന് 67w ക്വിക് ചാര്‍ജിങുമുണ്ട്. ലോകത്തെ ആദ്യത്തെ നാലു സ്പീക്കറുള്ള ഫോണാണ് മി മിക്‌സ് ഫോള്‍ഡ് എന്ന് ഷഓമി അവകാശപ്പെട്ടു. ഓരോ വശത്തുമായി ഇരട്ട 1216 സ്പീക്കറുകളാണ് പിടിപ്പിച്ചിരിക്കുന്നത്. ഇവ ഹാര്‍മണ്‍ കാര്‍ഡോണ്‍ ട്യൂണ്‍ ചെയ്തു നല്‍കിയതാണെന്നും ഷഓമി അറിയിച്ചു.ഫീച്ചറുകള്‍ മാത്രമല്ല വിലയും ഉയർന്നതാണ് എന്നതാണ് മിക്‌സ് ഫോള്‍ഡിന്റെ ഒരു പ്രശ്‌നം. നാലു വേരിയന്റുകളാണ് ഇറക്കിയിരിക്കുന്നത്. 12 ജിബി റാമും, 256ജിബി സംഭരണശേഷിയുമുള്ള മോഡലിന് ഏകദേശം 1,11,700 രൂപ വില വരും. അതേസമയം, 16ജിബി റാമും, 512ജിബി സ്റ്റോറേജുമുള്ള ഏറ്റവും കൂടിയ മോഡലിന് ഏകദേശം 1,45,200 രൂപ വില വരാം.