
ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകളോടു മത്സരിക്കാന്‍ ഷഓമി മി11 അള്‍ട്രാ അവതരിപ്പിച്ചു. ആഗോള വിപണിയില്‍ കുതിപ്പു നടത്താന്‍ ശ്രമിക്കുന്ന ഷഓമി ഈ ഫോണിന്റെ നിര്‍മാണത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.തുടക്ക വേരിയന്റിന് ( 8ജിബി+256ജിബി) ഏകദേശം 62,000 രൂപയായിരിക്കും വില. ഏറ്റവും കൂടിയ വേരിയന്റിന് (16ജിബി + 256ജിബി) ഏകദേശം 77,500 രൂപയായിരിക്കും വില.സ്നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ ഉപയോഗിച്ചാണ് ഈ ഫോൺ പ്രവര്‍ത്തിക്കുക.

അത്യുജ്വലമായ, 6.81-ഇഞ്ച് വലുപ്പമുള്ള ക്വാഡ്-കേര്‍വ്ഡ് അമോലെഡ് സ്ക്രീനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 3,200 x 1,440 റെസലൂഷനും, 120ഹെട്സ് റിഫ്രെഷ് റെയ്റ്റും, 480 ടച് സാംപ്ലിങ് റെയ്റ്റുമുണ്ട്. 1700 നിറ്റ്സ് ബ്രൈറ്റ്നസ്, 1.07 ബില്ല്യന്‍ കളര്‍ ഡിസ്പ്ലെ, എച്ഡിആര്‍ 10പ്ലസ്, ഡോള്‍ബി വിഷന്‍, അണ്ടര്‍ ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സ്കാനര്‍ തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.അതിശക്തമായ പിന്‍ക്യാമറാ സിസ്റ്റമാണ് ഷഓമി ഒരുക്കിയിരിക്കുന്നത്. ക്യാമറാ ഫോണ്‍ സെന്‍സര്‍ രംഗത്ത് തനതു പാത വെട്ടിത്തുറന്ന സാംസങ്ങിന്റെ ഇസോസെല്‍ ജിഎന്‍2 എന്ന സെന്‍സറാണ് പ്രധാന ക്യാമറയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു 50 എംപി എഫ്/1.95 അപേര്‍ചറുള്ള മൊഡ്യൂളാണ്. താരതമ്യേന വലുപ്പക്കൂടുതലുമുളള (1/1.12-ഇഞ്ച്) സെന്‍സറാണിത്. കൂടുതല്‍ പ്രകാശം വലിച്ചെടുക്കാനായി 1.4 യുഎം പിക്സല്‍സ് ആണ് ഇതിലുള്ളത്. അതിവേഗ ഡ്യൂവല്‍ പിക്സല്‍ പ്രോ ഓട്ടോഫോക്കസും ഉണ്ട്. ഒപ്പമുള്ള അള്‍ട്രാ വൈഡ് അഥവാ മാക്രോ ലെന്സിനും ടെലി ലെന്സിനും 48 എംപി സോണി സെന്‍സാറാണ് (IMX586 1/2.0-ഇഞ്ച്) ഉപയോഗിച്ചിരിക്കുന്നത്. അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയ്ക്ക് 120 ഡിഗ്രി കാഴ്ച ലഭിക്കും. അതേസമയം, ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ടെലി ലെന്‍സിന് പെരിസ്കോപ് രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനാകട്ടെ 5x ഓപ്ടിക്കല്‍ സൂം, 10എക്സ് ഹൈബ്രിഡ് സൂം, 120എക്സ് ഡിജിറ്റല്‍ സൂം എന്നിങ്ങനെ നല്കുന്നു. നിലവില്‍ ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച പിന്‍ക്യാമറാ സിസ്റ്റങ്ങളിലൊന്നാണ് ഇത്.വിഡിയോ കോളുകള്‍ക്കും മറ്റുമായി 20എംപി സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. ഡിസ്പ്ലെയുടെ ഒഴുക്കു കുറയ്ക്കാതിരിക്കാൻ പഞ്ച്ഹോള്‍ രീതിയിലാണ് സെല്‍ഫി ക്യാമറയ്ക്ക് ഇടം നല്‍കിയിരിക്കുന്നത്.11 അള്‍ട്രായ്ക്ക് 5000 എംഎഎച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇത് 67w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടു ചെയ്യും.