
രാജ്യാന്തര വിപണിയിലെ മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ എംഐ 11 തിങ്കളാഴ്ച വിപണിയിൽ അവതരിപ്പിച്ചു. ചൈനീസ് വിപണിയിൽ വിൽക്കുന്ന എംഐ 11 സ്മാർട്ട്ഫോണുകൾക്ക് ചാർജർ നൽകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇവൻറിൽ അവതരിപ്പിച്ച 2 എംഐ 11 മോഡലുകളിൽ ആദ്യത്തേതിൽ മാത്രമാണ് ചാർജർ ഇല്ലാത്തതെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ടാമത്തെ എംഐ 11 ബോക്സിൽ 55W ചാർജർ പാക്ക് ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഇവയ്ക്ക് രണ്ടിനും വില ഒന്നുതന്നെയാണ്. അതായത് ഫോൺ വാങ്ങുമ്പോൾ ചാർജർ അഡാപ്റ്റർ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു ലഭിക്കും. ഏകദേശം 45,000 രൂപയാണ് ഫോണിൻറെ വില. ക്വാൽകോമിന്റെ 5എൻഎം പ്രോസസറായ സ്നാപ്ഡ്രാഗൺ 888 ആണ് ഫോണിന് കരുത്തേകുന്നത്. 8ജിബി റാമും 128 ജിബി സംഭരണശേഷിയുമാണ് ഫോണിലുള്ളത്. 6.81ഇഞ്ച് അമോലെഡ് സ്ക്രീനാണ് ഫോണിന് നൽകിയിരിക്കുന്നത്. 108 എംപി പ്രധാന ക്യാമറയുടെ സെൻസറിന് 1/1.33 ഇഞ്ച് വലുപ്പമുണ്ട്. 8k വീഡിയോ റെക്കോർഡിങാണ് ഫോണിൻറെ പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്. സെൽഫി കൾക്കും വീഡിയോകള്ക്കുമായി ഒരുക്കിയിരിക്കുന്ന മുൻക്യാമറയ്ക്ക് 20 എംപി റസല്യൂഷനാണുള്ളത്. 4600 എംഎഎച്ച് ബാറ്ററി പാക്കാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.