
ലോകത്തെ ആദ്യ സോളാര്‍ കാര്‍ ഉടന്‍തന്നെ യു.എ.ഇ. നിരത്തുകളിലെത്തും. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള സോളാര്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി ലൈറ്റ്ഇയറാണ് ലൈറ്റ്ഇയര്‍ സീറോ എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ആദ്യ പ്രൊഡക്ഷന്‍ റെഡി സോളാര്‍ കാര്‍ യു.എ.ഇ.യില്‍ എത്തിക്കുന്നത്.ഷാര്‍ജ റിസര്‍ച്ച്, ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന് പാര്‍ക്കുമായി (എസ്.ആര്.ടി.ഐ. പാര്‍ക്ക്) സഹകരിച്ചാണിത്. 2019-ലാണ് ലൈറ്റ് ഇയര്‍ ഈ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശനത്തിനെത്തിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ജൂണിലാണ് ലൈറ്റ്ഇയര്‍ സീറോ എന്ന പേരില്‍ നിര്‍മാണം പൂര്‍ത്തിയായി ഈ വാഹനം എത്തിച്ചത്. സോളാര്‍ ചാര്‍ജില്‍ മാത്രം പ്രതിദിനം 70 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് ലൈറ്റ്ഇയര്‍ സീറോയുടെ പ്രധാന പ്രത്യേകത. ഏകദേശം 2.08 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില.കാറിന് മുകളില്‍ അഞ്ച് സ്ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള സോളാര്‍ പാനല്‍ നല്‍കിയാണ് ചാര്‍ജ് സ്വീകരിക്കുന്നത്. സൗരോര്‍ജത്തിന് പുറമെ, സാധാരണ ഇലക്ട്രിക് കാറായും സീറോ ഉപയോഗിക്കാം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 624 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 60 കിലോവാട്ട് ബാറ്ററി നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ 175 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്.