
ലോകത്തിൽ അതിവേഗം വളരുന്ന ടെക് നഗരങ്ങളിൽ ബാംഗ്ലൂർ ഒന്നാമത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയിൽ ആറാമതാണ്. ജനുവരി രണ്ടാംവാരം ലണ്ടനിൽ പുറത്തിറങ്ങിയ പുതിയ റിപ്പോർട്ട് പ്രകാരം ലണ്ടൻ, മ്യൂണിക്, പാരിസ്, ബർലിൻ തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് ബാംഗ്ലൂർ ഒന്നാമതെത്തിയത്. ലണ്ടൻ ഇൻറർനാഷണൽ ട്രേഡ് ആന്റ് ഇൻവെസ്റ്റ്മെൻറ് ഏജൻസിയായ ലണ്ടൻ ആൻഡ് പാർട്ണേഴ്സാണ് ഈ വിവരം പുറത്ത് വിട്ടത്.

2016 മുതലുള്ള കണക്ക് പ്രകാരമാണ് ലോകത്തെ അതിവേഗം വളരുന്ന ടെക് കേന്ദ്രമായി ബാംഗ്ലൂർ മാറിയത്. ബാംഗ്ലൂരിലെ നിക്ഷേപം നാലുവർഷത്തിനിടെ 5.4 മടങ്ങാണ് വർധിച്ചത്. 2016 ൽ 0.7 ബില്യൺ ഡോളറായിരുന്ന നിക്ഷേപം 2020 ൽ 7.2 ബില്ല്യൺ ഡോളറായി ഉയർന്നു. പട്ടികയിലെ രണ്ടാമത്തെ നഗരം ലണ്ടനാണ്. ലണ്ടനിലെ നിക്ഷേപ മൂന്നിരട്ടി വളർച്ചയാണ് രേഖപ്പെടുത്തിയത്. വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപത്തിലൂടെയാണ് അതിവേഗം വളരുന്ന ആഗോള ടെക് ഹബ്ബുകളിൽ ബാംഗ്ലൂരും ലണ്ടനും ഇടംനേടിയതെന്നത് അതിശയകരമാണ്. മൊത്തത്തിലുള്ള ടെക് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് ഇൻവെസ്റ്റ്മെൻറ് പട്ടികയിൽ ബാംഗ്ലൂർ 6 സ്ഥാനത്താണുള്ളത്. സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക്, ഷാങ്ഹായ്, ലണ്ടൻ എന്നീ നഗരങ്ങളാണ് ഒന്നാം സ്ഥാനത്തുള്ളത്.