
അഞ്ചുമാസം മുൻപ് ചുമതലയേറ്റ വിപ്രോയുടെ പുതിയ സിഇഒ തിയറി ഡെലപോർട്ടോയുടെ വരവ് കമ്പനിക്ക് പുത്തനുണർവ് നൽകിയിരിക്കുകയാണ്. എന്നാൽ ഇന്ന് വരെയും അദ്ദേഹം ബാംഗ്ലൂരിലെ വിപ്രോ ആസ്ഥാനം സന്ദർശിച്ചിട്ടില്ല. എന്നാൽ സ്വന്തം വീട്ടിലിരുന്ന് കമ്പനിയെ നിയന്ത്രിക്കുന്ന അദ്ദേഹത്തിൻറെ വരവോടെ വിപ്രോയുടെ ഓഹരികൾ 70 ശതമാനം വരെയാണ് കുതിച്ചുയർന്നത്.

കമ്പനിയുടെ ഉന്നതാധികാര സംഘത്തിൻറെ വലിപ്പം 25ൽ നിന്ന് നാലാക്കി ചുരുക്കിയതാണ് അദ്ദേഹം നടത്തിയ ആദ്യ പരിഷ്കരണങ്ങളിലെ പ്രധാനപ്പെട്ടത്. ഒപ്പം ഔട്ട്സോഴ്സിംഗ് കമ്പനിയായ വിപ്രോയുടെ ഉപഭോക്താക്കളായ കമ്പനികളുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചകളിലാണ് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചത്. അമേരിക്കയിലെയും യൂറോപ്പിലെയും പല കമ്പനികളുമായും ഒന്നിലേറെ വർഷങ്ങൾ നീണ്ട കരാറുകൾ ഒപ്പിടാനായതും അദ്ദേഹത്തിൻറെ കടന്നുവരവോടെയാണ്. ഇക്കഴിഞ്ഞ ജൂണിൽ വിപ്രോ സിഇഒ സ്ഥാനത്തേക്ക് തിയറി ഡെലപോർട്ട എത്തിയതിനുശേഷം കമ്പനിയുടെ ഓഹരികളിൽ 70 ശതമാനത്തിലേറെ കുതിച്ചുചാട്ടമാണ് ഉണ്ടായത്. സമീപകാലത്തായി പിന്നോട്ട് വലിഞ്ഞ കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. ഇന്ത്യയിലെ നാല് പ്രധാനപ്പെട്ട ഔട്ട്സോഴ്സിംഗ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഓഹരി വിപണിയിലെ ഏറ്റവും വലിയ നേട്ടമാണ് ഇതുവഴി വിപ്രോ സ്വന്തമാക്കിയിരിക്കുന്നത്. അസീം പ്രേംജിയുടെ ഉടമസ്ഥതയിലുള്ള വിപ്രോ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3.9 ശതമാനത്തിന്റെ വരുമാന വർധനവാണ് നേടിയത്.