
രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 27 മാസത്തെ ഏറ്റവും ഉയർന്ന നിലാവരത്തിലെത്തി.ജനുവരിയിലെ 2.03ശതമാനത്തിൽനിന്ന് ഫെബ്രുവരിയിൽ 4.17 ശതമാനമായാണ് ഉയർന്നത്.ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവർധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻകാരണം.

ഉള്ളി, പയർവർഗങ്ങൾ, പഴം, തുണിത്തരം, രാസവസ്തുക്കൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിലവർധനവാണ് സൂചികയിൽ പ്രതിഫലിച്ചത്.വെള്ളിയാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.03ശതമാനമായും ഉയർന്നിരുന്നു. മൂന്നുമാസത്തിനിടെയുള്ള ഉയർന്ന നിരക്കാണിത്.16 മാസത്തെ താഴ്ന്ന നിരക്കായ 4.06ശതമാനമായിരുന്നു ജനുവരിയിൽ രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഉയർന്നതാണ് ഉപഭോക്തൃ വിലസൂചികയിലും പ്രതിഫലിച്ചത്.