
വാട്ട്സ്ആപ്പ് അതിൻറെ വെബ് പതിപ്പിൽ വോയിസ്, വീഡിയോ കോളുകൾ കൊണ്ടുവരുന്നു.2.2043.7 പതിപ്പിനൊപ്പം വരുന്ന വെബ് ക്ലയന്റിനുള്ള സമീപകാല അപ്ഡേറ്റിൽ ഈ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിത് ബീറ്റ പതിപ്പിലാണ്. പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനു മുൻപ് കമ്പനി ഇതിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നും സൂചനകളുണ്ട്.

ഈ പുത്തൻ ഫീച്ചർ നിലവിൽ ബീറ്റയിലാണെങ്കിലും WABetalnfo ഇത് പരീക്ഷിക്കുകയും അതിൻറെ ചില സ്ക്രീൻഷോട്ടുകൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ ഒരു കോൾ ലഭിക്കുകയാണെങ്കിൽ അത് സ്വീകരിക്കാനും നിരസിക്കാനുമുള്ള ഓപ്ഷനുകളുള്ള ഒരു പോപ്പ് അപ്പ് വിൻഡോ ദൃശ്യമാകും. കൂടാതെ കോൾ ചെയ്യുന്നതിനായി സ്റ്റാർട്ട് വീഡിയോ, മ്യൂട്ട്, ഡിക്ലൈൻ, മോർ ഓപ്ഷൻസ് തുടങ്ങിയവടങ്ങുന്ന ഒരു പോപ്പ് അപ്പ് വിൻഡോ ലഭ്യമാകും. ഈ അപ്ഡേറ്റിൽ ഗ്രൂപ്പ് വോയിസ്, വീഡിയോ കോളുകൾക്കുള്ള ഓപ്ഷനുകളും ലഭ്യമാണെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സവിശേഷത എന്ന് ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.