
ലക്ഷക്കണക്കിനാളുകളാണ് വാട്സ്ആപ്പ് വെബ്പതിപ്പും വാട്സ്ആപ്പ് ഡെസ്ക്ടോപ് ആപ്ലിക്കേഷനും ഉപയോഗിക്കുന്നത്. വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്കായി അധിക സുരക്ഷ നൽകുന്ന ഒരു പുതിയ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്.

പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാട്സ്ആപ്പ് ഈ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുന്നത്. വാട്സാപ്പിലെ ക്യു ആർ കോഡ് സ്കാനർ ഉപയോഗിച്ച് വാട്സ്ആപ്പ് വെബ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് പതിപ്പിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോഴാണ് ഉപഭോക്താവിന്റെ വാട്സ്ആപ്പ് ചാറ്റ് ഡെസ്ക്ടോപ്പിൽ പ്രത്യക്ഷപ്പെടുക. ഇത് കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ക്യു ആർ കോഡ് സ്കാനർ ഓപ്പൺ ചെയ്യുമ്പോൾ ഫിംഗർ പ്രിൻറ് അല്ലെങ്കിൽ ഫേസ്ഐഡി വെരിഫിക്കേഷൻ ചോദിക്കുന്ന സുരക്ഷാകവചമാണ് വാട്സ്ആപ്പ് പുതുതായി ഒരുക്കിയിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കകം ഈ പുതിയ അപ്ഡേറ്റ് ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങും.