
വാട്സ്ആപ്പ് പുതുതായി കൊണ്ടുവന്ന പ്രൈവസി പോളിസിയിലെ മാറ്റങ്ങൾ അംഗീകരിക്കാത്തവർക്ക് മെയ് 15 മുതൽ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ലഭിക്കുകയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കുകയോ ചെയ്യില്ല. ഇത്തരം അക്കൗണ്ടുകൾ ഇനാക്ടീവ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി മാറ്റിനിർത്തും. കൂടാതെ വാട്സ്ആപ്പിൻറെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാകാതെ അക്കൗണ്ട് 120 ദിവസം ഇനാക്ടീവ് പട്ടികയിൽ കിടന്നാൽ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.

പോളിസി അംഗീകരിക്കാൻ തയ്യാറാകാത്ത അക്കൗണ്ടുകളിൽ സന്ദേശങ്ങൾ അയക്കുന്നതിൽ വിലക്കേർപ്പെടുത്തിയാലും ഏതാനും ആഴ്ച കാലത്തേക്ക് വോയ്സ് വീഡിയോ കോൾ സേവനം ലഭ്യമാവും. ജനുവരിയിലായിരുന്നു വാട്ട്സ്ആപ്പ് പുതിയ പോളിസി അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഇത് ഫെബ്രുവരിയോടെ നടപ്പാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ആഗോളതലത്തിൽ പ്രതിഷേധം കനത്തതോടെയാണ് പോളിസി നടപ്പാക്കുന്നത് ഫെബ്രുവരിയിൽ നിന്നും മേയിലേക്ക് നീട്ടി വെച്ചത്. അതിനിടെ എതിരാളികളായ ടെലഗ്രാമിലേക്കും സിഗ്നലിലേക്കും ഉപഭോക്താക്കൾ വൻതോതിൽ ചേക്കേറാൻ തുടങ്ങിയത് വാട്സ്ആപ്പിന് വൻതോതിൽ പ്രതിസന്ധി സൃഷ്ടിച്ചു.