
വാട്സ്ആപ്പ് പേയ്ക്ക് നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ആർബിഐയുടെ അനുമതി കൂടി ലഭിച്ചാൽ രാജ്യത്ത് വാട്സ്ആപ്പ് പേ യാഥാർഥ്യമാകും. ഈ കടമ്പ കൂടി കടന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിൽ വാട്സ്ആപ്പ് പേ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിലെ വീചാറ്റിന് സമാനമായ ആപ്പാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്ത് 40 കോടിയിലധികം ആളുകളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്.

യൂണിഫൈഡ് പെയ്മെൻറ് ഇൻഫെയ്സ് (യുപിഐ ഐ)ലൂടെയാണ് വാട്സാപ്പ് പേ പ്രവർത്തിക്കുക. തുടക്കത്തിൽ രണ്ടു കോടിയോളം ആളുകൾക്കായിരിക്കും വാട്സ്ആപ്പ് പേ ഉപയോഗിക്കാൻ അനുമതി ലഭിക്കുക. വാട്സ്ആപ്പിൻറെ ഈ പെയ്മെൻറ് സിസ്റ്റം 2018 ഫെബ്രുവരിയിൽ ആരംഭിച്ചതാണ്. ഇതിനെ പൈലറ്റ് ഘട്ടം എന്നാണ് വിളിച്ചിരുന്നത്. ഇതിന് 10 ലക്ഷം ഉപഭോക്താക്കൾക്ക് രണ്ടു വർഷക്കാലയളവിലേക്ക് സേവനം നൽകാനായിരുന്നു അനുമതി ലഭിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഡാറ്റ സൂക്ഷിക്കുന്നതു സംബന്ധിച്ച കാര്യങ്ങളിൽ രാജ്യത്ത് ഉൽക്കണ്ഠയുണ്ടായിരുന്നു. എന്നാൽ ആർബിഐ ഈ വർഷം ജൂണിൽ വാട്സ്ആപ്പ് പേ നിലവിൽ വരുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചിരുന്നു. രാജ്യത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ള വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നത് എതിരാളികളെ കൂടുതൽ സമ്മർദ്ദത്തിലാക്കും.