
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്ക് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ 2021 ഫെബ്രുവരി 8 മുതൽ പുതിയ നിയമങ്ങൾ വരാൻ പോകുന്നു. വാട്ട്സ്ആപ്പ് ഉപഭോക്താക്കൾ 2021 ൽ അപ്ഡേറ്റ് ചെയ്യുന്ന സേവന നിയമങ്ങൾ അംഗീകരിക്കണം അല്ലാത്തപക്ഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

വാട്സാപ്പിലെ പുതിയ സേവന നിയമങ്ങൾ ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വരും. ഉപഭോക്താക്കൾ പുതിയ സ്വകാര്യതാ നിയമങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ അവർക്ക് മെസ്സേജിങ് ആപ്ലിക്കേഷനിലേക്കുള്ള ആക്സസ് നഷ്ടപ്പെടും. വാട്സ്ആപ്പ് അപ്ഡേറ്റുകൾ നേരത്തെ അറിയിക്കുന്ന WEBeta Info ആണ് പുതിയ നിബന്ധനകളുടെയും സ്വകാര്യതാ നയ അപ്ഡേറ്റുകളുടേയും സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വാട്ട്സ് ആപ്പിന്റെ പുതിയ നിബന്ധനകൾ സ്വീകരിക്കാനോ അല്ലാത്തപക്ഷം അവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുവാനോ കഴിയുമെന്ന് സ്ക്രീൻ ഷോട്ടിൽ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന വാട്സ്ആപ്പ് അപ്ഡേറ്റുകളിൽ സേവനങ്ങളെക്കുറിച്ചും ഉപഭോക്തൃ ഡാറ്റ പ്രോസസ് ചെയ്യുന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുമെന്നാണ് സൂചന. ചാറ്റുകൾ സൂക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ബിസിനസുകൾക്ക് ഫെയ്സ്ബുക്ക് ഹോസ്റ്റുചെയ്ത സേവനങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങളും ഇതിലുൾപ്പെട്ടേക്കും.