
വാട്സാപ്പിലെ പുതിയ പ്രൈവസി പോളിസി അപ്ഡേറ്റ് ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് കാണിച്ച് നൽകിയ ഹർജിയുടെ വാദം കേൾക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് പിന്മാറി. ജസ്റ്റിസ് പ്രതിഭ.എം.സിംങാണ് വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്.

വാട്സാപ്പിന്റെ പുതിയ പോളിസി ഇന്ത്യൻ പൗരൻറെ മൗലികാവകാശ ലംഘനമാണെന്നും ഇത് നടപ്പാക്കുന്നത് തടയണമെന്നും വാട്സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കുമായും ഫേസ്ബുക്കിന്റെ മറ്റ് കമ്പനികളുമായും മൂന്നാം കക്ഷി സ്ഥാപനങ്ങളുമായി പങ്കുവയ്ക്കുന്നതും തടയാൻ സർക്കാർ മാർഗ്ഗനിർദ്ദേശം പുറത്തിറക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്. ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ജനുവരി 18ന് വീണ്ടും വാദം കേൾക്കും. ഹർജിക്കാരന് വേണ്ടി അഡ്വ. മനോഹർലാലാണ് ഹാജരായത്. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയും വാട്ട്സ്ആപ്പിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹ്തഗിയും ഹാജറായി.