
വ്യക്തിഗത ആശയവിനിമയത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. വാട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് ഡിജിറ്റൽ പ്ലാറ്റ്ഫോമും ആയിക്കോട്ടെ അവർക്ക് ഇന്ത്യയിൽ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അത് ഇന്ത്യക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന വിധത്തിലാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാട്സാപ്പിന്റെ ഭാഗത്തുനിന്നുള്ള ഈ ഏകപക്ഷീയമായ മാറ്റങ്ങൾ ന്യായവും സ്വീകാര്യവുമല്ലെന്നും പുതിയ സ്വകാര്യതാനയം മാറ്റണമെന്നും ആവശ്യപ്പെട്ട ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം വാട്ട്സ്ആപ്പ് സിഇഒ വിൽ കാത്കാർട്ടിന് കത്തെഴുതിയിരുന്നു. ഈ വിഷയം തൻറെ വകുപ്പ് പരിശോധിച്ച് വരികയാണെന്നും അന്തിമ അധികാരകേന്ദ്രമെന്ന നിലയിൽ ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ തന്നെ വാട്സാപ്പിന്റെ പുതിയ നയ മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ ഔദ്യോഗിക നിലപാട് പുറത്തുവരുമെന്ന സൂചനയും മന്ത്രി നൽകിയിട്ടുണ്ട്.