
ലോകത്തെ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്സ്ആപ്പ് കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ്. ഉപഭോക്താക്കൾ ഏറെക്കാലമായി കാത്തിരിക്കുന്ന മൾട്ടി ഡിവൈസ് പിന്തുണ സവിശേഷത വൈകാതെ വാട്സ്ആപ്പ് പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മൾട്ടി ഡിവൈസ് പിന്തുണയിൽ കോളിംഗ് ഫീച്ചർ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചർ കമ്പനി അവതരിപ്പിക്കും.

ഒരു അക്കൗണ്ട് തന്നെ മറ്റു കൂടുതൽ ഡിവൈസുകളിൽ ഒരേസമയം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും പുതിയ ഫീച്ചർ. എന്നാൽ കോൾ വരുമ്പോൾ ഏത് ഡിവൈസിൽ നിന്ന് എടുക്കണം എന്നത് സംബന്ധിച്ച് വെല്ലുവിളി നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. നാലു വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് ഒരേ സമയം ഒരൊറ്റ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. നിലവിൽ ഉപഭോക്താക്കൾക്ക് ഒരേസമയം വാട്സ്ആപ്പ് വെബ്ബിലേക്കും ഫോണിലേക്കും മാത്രമേ ലോഗിൻ ചെയ്യാൻ സാധിക്കൂ. ഈ ഫീച്ചർ പരീക്ഷിക്കുന്നതോടൊപ്പം തന്നെ വാട്സ്ആപ്പ് വെബ് പതിപ്പിനായി വീഡിയോ, വോയിസ് കോൾ ഫീച്ചറും പരീക്ഷിക്കുന്നുണ്ട്.