
മൾട്ടിപ്പിൾ ഡിവൈസ് ഫീച്ചർ, ഇൻസ്റ്റന്റ് മെസ്സേജ് പ്ലാറ്റ്ഫോമായ വാട്സാപ്പിലെ ഈ വർഷത്തെ ഏറ്റവും വലിയ അപ്ഡേറ്റുകളിലൊന്നായിരിക്കും.പുതിയ സവിശേഷത പരീക്ഷിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് വാട്സ്ആപ്പെന്ന് റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും ഈ പതിപ്പ് ഇതുവരെയും പ്രവർത്തനപരമായി പരീക്ഷിച്ചിട്ടില്ല.

വാട്സാപ്പിന്റെ സവിശേഷതകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ WABetalnfoയുടെ റിപ്പോർട്ടുകളനുസരിച്ച് മൾട്ടിപ്പിൾ ഡിവൈസ് ഫീച്ചറിന്റെ ബീറ്റാ പതിപ്പ് ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. വാട്സാപ്പിന്റെ ഡെസ്ക്ടോപ് ക്ലയിന്റിലും ആപ്ലിക്കേഷൻസ് ആൻഡ്രോയ്ഡ് പതിപ്പിലും പുതിയ സവിശേഷത ലഭ്യമാകും. ഇൻറർനെറ്റിലേക്ക് കണക്ട് ചെയ്യുന്നതിനുള്ള പ്രാഥമിക ഉപകരണത്തിന്റെ ആവശ്യമില്ലാതെയാണ് ഇത് പ്രവർത്തിക്കുക. ഈ സവിശേഷത ആദ്യം ബീറ്റ പതിപ്പിലേക്കും പിന്നീട് സ്റ്റേബിൾ പതിപ്പിലേക്കും വരുന്നതോടെ ഉപഭോക്താവിന് ഒരേ സമയം നാല് ഉപകരണങ്ങളിൽ വരെ ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താവിന്റെ ആവശ്യകതയനുസരിച്ച് ഈ സവിശേഷത ഓൺ ചെയ്യുവാനും ഓഫ് ചെയ്യുവാനും സാധിക്കും. എന്നിരുന്നാലും സ്റ്റേബിൾ പദത്തിലേക്ക് എത്തുമ്പോൾ വാട്സ്ആപ്പ് ഈ ഓപ്ഷൻ നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യക്തിഗത ചാറ്റുകളുടെ വാൾപേപ്പറുകൾ മാറ്റാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന മറ്റൊരു വാട്സ്ആപ്പ് അപ്ഡേറ്റും വരാനിരിക്കുന്നുണ്ട്. ഇതിലൂടെ ആപ്ലിക്കേഷനിലെ നിലവിലുള്ള തീമിനെ അടിസ്ഥാനമാക്കി മറ്റൊരു വാൾപേപ്പർ തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് സാധിക്കുന്നു.