
ആന്‍ഡ്രോയിഡിലെ മാല്‍വെയറുകൾ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിലൊന്നിന്റെ സാന്നിധ്യമാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ചെക് പോയിന്റ് റിസേര്‍ച് കണ്ടെത്തിയത്.ഇതിന് വാട്സാപ് സന്ദേശങ്ങള്‍ വഴി വ്യാപിപ്പിക്കാനുള്ള കഴിവുമുണ്ടെന്ന് പറയുന്നു. മാല്‍വെയറിന് സ്വന്തമായി ഒരാളുടെ വാട്സാപ് കോണ്ടാക്ട്സിന് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള ശേഷിയുമുണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഫ്ളിക്സ്ഓണ്ലൈന് (FlixOnline) എന്ന പേരിലായിരുന്നു ഇത് പ്ലേ സ്റ്റോറില്‍ നിലനിന്നിരുന്നത്. ഈ ആപ്പിന്റെ കോഡ് വാട്സാപ് നോട്ടിഫിക്കേഷന്‍സ് നിരീക്ഷിക്കാനായി നിർമിച്ചതാണ്.

സന്ദേശങ്ങള്‍ക്ക് ഉപയോക്താവ് അറിയാതെ മറുപടി അയയ്ക്കാനുമുള്ള ശേഷിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.റിമോട്ട് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് (C&C) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടന്നിരുന്നത്. കൂടാതെ, ഒരാളറിയാതെ ഇങ്ങനെ അയയ്ക്കുന്ന സന്ദേശം രണ്ടു മാസത്തേക്ക് നെറ്റ്ഫ്ളിക്സ് ഫ്രീയായി ലഭിക്കുമെന്നു പറഞ്ഞാണ് അടുത്തയാള്‍ക്ക് ലഭിക്കുന്നത്. ഇത് പരിഹരിക്കാൻ ഫ്ളിക്സ്ഓണ്ലൈനോ അതുപോലെയുള്ള ഏതെങ്കിലും ആപ്പോ ഫോണില്‍ ഉണ്ടോ എന്നു പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സുരക്ഷാവിദഗ്ധര്‍ പറയുന്നു. ആപ്പ് ഫോണില്‍ ഉണ്ടായിരുന്നുവെങ്കില്‍ വാട്സാപ് ചാറ്റുകള്‍ പരിശോധിക്കുക. ആപ് സ്വന്തമായി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇത്തരത്തിലുള്ള ഏതെങ്കിലും ആപ് ഫോണില്‍ ഉണ്ടായിരുന്നെങ്കില്‍, ഫോണിലെ ഡേറ്റ ബാക്ക്-അപ് ചെയ്ത ശേഷം ഫോണ്‍ റീസെറ്റ് ചെയ്യണമെന്ന് സുരക്ഷാവിദഗ്ധര്‍ പറയുന്നു. സുരക്ഷാ കമ്പനി നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ആപ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കംചെയ്തുവെങ്കിലും ചിലരുടെയെങ്കിലും ഫോണില്‍ അത് കയറിക്കൂടിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.