
ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇ-കൊമേഴ്സ് മേഖലയിലേക്ക് ചുവടു വയ്ക്കുകയാണ്. ഇതിൻറെ ഭാഗമായി പുതിയ ഷോപ്പിംഗ് ബട്ടൺ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ബിസിനസ് പേരിന് തൊട്ടടുത്തായി പുതിയ സ്റ്റോർ ഫ്രണ്ട് ഐക്കൺ ഉപഭോക്താക്കൾക്ക് കാണാം. ഇതിലൂടെ കാറ്റലോഗ് കാണാനും വിൽപ്പനയ്ക്കുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങൾ അറിയാനും സാധിക്കും. യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഷോപ്പിംഗ് ബട്ടൺ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

വാട്സാപ്പിന്റെ കണക്കുകളനുസരിച്ച് പ്രതിദിനം 17.5 കോടി ആളുകൾ ബിസിനസ് അക്കൗണ്ടുകളിൽ സന്ദേശങ്ങൾ അയക്കുന്നുണ്ട്. ഒപ്പം നാല് കോടിയിലധികം ആളുകൾ പ്രതിമാസം ബിസിനസ് കാറ്റലോഗുകൾ കാണുന്നുമുണ്ട്. ഇന്ത്യയിലിത് 30 ലക്ഷത്തിലധികമാണ്. അക്കൗണ്ടിലെ കോൾ ബട്ടണിൽ അമർത്തിയാൽ വോയ്സ് കോളിനും വീഡിയോ കോളിനുമുള്ള അവസരമുണ്ട്. ഈ പുതിയ ഷോപ്പിംഗ് ബട്ടൺ സംവിധാനം ആഗോളതലത്തിൽ അവതരിപ്പിച്ചതായി കമ്പനി ഇ-മെയിൽ സന്ദേശത്തിലൂടെ അറിയിച്ചു.