
വയനാട് അമ്പലവയല്‍ പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ (ആര്‍.എ.ആര്‍.എസ്.) ജനുവരി ഒന്നുമുതല്‍ 15 വരെയാണ് പൂപ്പൊലി. ഞായറാഴ്ച വൈകീട്ട് 3.30ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. നെതര്‍ലന്‍ഡ്‌സില്‍നിന്നുള്ള ലിലിയം, തായ്‌ലാന്‍ഡില്‍നിന്നെത്തിയ ഓര്‍ക്കിഡുകള്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം അങ്ങനെ സന്ദര്‍ശരെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്. 12 ഏക്കര്‍ വിസ്തൃതിയിലാണ് കാഴ്ചയൊരുക്കുന്നത്. ഉത്തരാഖണ്ഡില്‍നിന്നെത്തിച്ച അലങ്കാരമത്സ്യങ്ങള്‍, കാലിഫോര്‍ണിയയില്‍നിന്നുള്ള സ്‌ട്രോബറി ഇനങ്ങള്‍ എന്നിവയുമുണ്ട്. ഫ്‌ളോട്ടിങ് ഗാര്‍ഡന്‍, കൊട്ടത്തോണി, കൊതുമ്പുവള്ളം, ട്രീ ഹട്ട്, ജലധാര, പക്ഷിമൃഗാദികള്‍, ശില്പങ്ങള്‍ തുടങ്ങി പൂപ്പൊലി നഗരി കാഴ്ചയുടെ വിസ്മയമായി ഒരുങ്ങിനില്‍ക്കുകയാണ്. എല്ലാദിവസവും വൈകീട്ട് കലാപരിപാടികള്‍, കാര്‍ഷികസെമിനാറുകള്‍, വിവിധ മത്സരങ്ങള്‍ എന്നിവ മേളയുടെ ഭാഗമായി നടക്കും.പൂപ്പൊലി നഗരിയിലേക്കുള്ള പ്രവേശനനിരക്ക് മുതിർന്നവർക്ക് 50 രൂപയും വിദ്യാർഥികൾക്ക് 30 രൂപയുമാണ്. നാലു ടിക്കറ്റ് കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്.