Auto
Trending

സ്‌കോഡയുടെ നാലാം തലമുറ ഒക്ടാവിയ ജൂണ്‍ 10 മുതല്‍ ഇന്ത്യന്‍ നിരത്തിലും

ഇന്ത്യയിലെ പ്രീമിയം സെഡാൻ വാഹനനിരയിൽ എക്കാലത്തേയും ശക്തമായ സാന്നിധ്യമായിരുന്ന സ്കോഡ ഒക്ടാവിയയുടെ നാലാം തലമുറ മോഡൽ ഇന്ത്യയിൽ എത്തുകയാണ്. ജൂൺ പത്തിന് ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വരവിന് മുന്നോടിയായി ഈ മോഡലിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.പ്രീമിയം സെഡാൻ ശ്രേണിയിൽ എത്തുന്ന ഈ വാഹനത്തിന് ഏകദേശം 27.50 ലക്ഷം രൂപ മുതൽ 32 ലക്ഷം രൂപ വരെയായിരിക്കും ഇന്ത്യയിലെ എക്സ്ഷോറും വിലയെന്നാണ് റിപ്പോർട്ട്. യഥാർഥ വില അവതരണ വേളയിലായിരിക്കും വെളിപ്പെടുത്തുക. ഇന്ത്യയിലെ സ്കോഡയുടെ അംഗീകൃത ഡീലർഷിപ്പുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും ബുക്കിങ്ങുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.


സ്കോഡയുടെ MQB EVO പ്ലാറ്റ്ഫോമാണ് നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് ഉയർന്ന വീൽബേസാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രധാന പ്രത്യേകത. ലുക്കിലും കാര്യമായ അഴിച്ചുപണി നടത്തിയാണ് ഒക്ടാവിയ എത്തിയിട്ടുള്ളത്. എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ഹെഡ്ലൈറ്റ്, ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോർഡർ, ഫോഗ്ലാമ്പ് എന്നിവ പുതുമയാണ്.പുതിയ ഡിസൈനിലുള്ള അലോയി വീലുകളാണ് വശങ്ങളെ കൂടുതൽ ആകർഷകമാക്കുന്നത്. പ്രീമിയം ഭാവമാണ് പിൻവശത്തിനുള്ളത്. എൽ.ഇ.ഡി.ടെയ്ൽലാമ്പും സ്കോഡ ബാഡ്ജിങ്ങും ഈ ഭാവത്തിന് മാറ്റ് കൂട്ടുന്നു. 10 ഇഞ്ച് വലിപ്പമുളള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ടൂ സ്പോക്ക് സ്റ്റിയറിങ്ങ് വീൽ എന്നിവ അകത്തളവും ആഡംബരമാക്കും.രണ്ട് ടർബോചാർജ്ഡ് പെട്രോൾ എൻജിനുകളിലാണ് ഒക്ടാവിയയുടെ നാലാം തലമുറ മോഡൽ എത്തുന്നത്. 1.5 ലിറ്റർ, 2.0 ലിറ്റർ ടി.എസ്.ഐ. എൻജിനുകളായിരിക്കും ഇവ.

Related Articles

Back to top button