
എസ്‌യുവി വാഹനമായ ടി – റോക്കിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ് വാഗൺ താൽക്കാലികമായി നിർത്തുന്നു. ഇന്ത്യയ്ക്ക് അനുവദിച്ച ടി – റോക്ക് എസ് യു വികൾ പൂർണമായും വിറ്റഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പൂർണമായും വിദേശത്ത് നിർമ്മിച്ച് എസ്ബിയു വ്യവസ്ഥയിൽ ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് 19.99 ലക്ഷം രൂപയാണ് വില. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഈ വാഹനം മാർച്ചിലാണ് ഇന്ത്യൻ വിപണികളിൽ എത്തിച്ചത്.
തുടക്കമെന്ന നിലയിൽ 2500 എസ് യു വികൾ ഇറക്കുമതി ചെയ്താണ് ഫോക്സ് വാഗൺ ഈ വാഹനത്തിന്റെ വിൽപ്പനയാരംഭിച്ചത്. ഇക്കൊല്ലം ഇതിനോടകംതന്നെ അനുവദനീയമായ ഇറക്കുമതി പരിധി പിന്നിട്ടു. പ്രാദേശികതലത്തിൽ വാഹന നിർമ്മാണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ പ്രതിവർഷം 2500 വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നത്.

രാജ്യാന്തരവിപണിയിൽ ടിഗ്വാനു താഴെയാണ്4.23 മീറ്റർ നീളവും1.99 മീറ്റർ വീതിയും 1.57 മീറ്റർ ഉയരവുമുള്ള ടി- റോക്കിന്റെ സ്ഥാനം. മികച്ച സുരക്ഷക്കായി 6 എയർബാഗ്, ഇബിഡി സഹിതം എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സംവിധാനം, പാർക്കിംഗ് ക്യാമറ തുടങ്ങിയ സംവിധാനങ്ങളും ഇതിലൊരുക്കിയിട്ടുണ്ട്.
150 പിഎസ് കരുത്തും 250 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനാണിതിനുള്ളത്. ഇന്ധനക്ഷമതക്കായി സിലിണ്ടർ ഡി ആക്ടിവേഷൻ സാങ്കേതികവിദ്യയും ഇതിൽ ഒരുക്കിയിട്ടുണ്ട്. പൂർണ്ണ എൽഇഡി ഹെഡ് ലാമ്പ്,ടെയിൻ ലാമ്പ്, ഇരട്ട വർണ്ണ 17 ഇഞ്ച് അലോയ് വീൽ, മുൻ-പിൻ പാർക്കിംഗ് സെൻസർ, ഡിജിറ്റൽ ഇൻസ്ട്രുമെൻസ് ക്ലാസ്റ്റർ, ഡിവൈസ്സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, 8 ഇഞ്ച് ടച്ച് സ്ക്രീൻ, പനോരമിക് സൺ റൂഫ്, വിയന്ന ലെതർ സീറ്റ് എന്നീ സംവിധാനങ്ങളോടെ പുറത്തിറങ്ങിയ ഈ വാഹനത്തിന് ഇന്ത്യൻ വിപണിയിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്