Big B
Trending

ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിളും മൈക്രോസോഫ്റ്റും

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് ഗൂഗിളും മൈക്രോസോഫ്റ്റും.അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ബോധവൽക്കരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായമെത്തിക്കുമെന്ന് ഇരുകമ്പനികളുടെയും ഇന്ത്യക്കാരായ സിഇഒമാർ അറിയിച്ചു.


യൂനിസെഫ്, സന്നദ്ധസംഘടന ഗിവ് ഇന്ത്യ എന്നിവ വഴി 135 കോടി രൂപയുടെ സഹായം എത്തിക്കുമെന്ന് ഗൂഗിൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു. ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ ഡോട്ട് ഓർഗിൽ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഗൂഗിൾ ജീവനക്കാരുടെ സംഭാവനയായ 3.7 കോടി രൂപയും ഇതിൽപ്പെടും. ഇന്ത്യയിലെ കോവിഡ് സ്ഥിതി തന്നെ ഉലച്ചതായി സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ അവസ്ഥ ഹൃദയഭേദകമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ട്വീറ്റ് ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഓക്സിജൻ ഉപകരണങ്ങൾ വാങ്ങുന്നതിനും എല്ലാ സഹായവും നൽകുമെന്നും പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സഹായിക്കാൻ മുന്നോട്ടുവന്ന യുഎസിനോടുള്ള നന്ദിയും നദെല്ല അറിയിച്ചു. ഒപ്പം 10,000 ഓക്സിജൻ കോൺസൻട്രേറ്ററുകളും ബിപാപ് മെഷിനുകളും അടിയന്തരമായി ഇന്ത്യയിൽ എത്തിക്കുമെന്ന് ഇ–കൊമേഴ്സ് കമ്പനി ആമസോൺ അറിയിച്ചു. ഒട്ടേറെ ഇന്ത്യൻ–അമേരിക്കൻ സംഘടനകളും ധനസമാഹരണ ക്യാംപെയ്നുകൾക്കു തുടക്കമിട്ടു കഴിഞ്ഞു.

Related Articles

Back to top button