
ഇന്ത്യയിലെ ഉപയോക്താക്കള്‍ വാഹനങ്ങളുടെ സുരക്ഷയ്ക്കും കൂടുതല്‍ പ്രധാന്യം നല്‍കി തുടങ്ങിയിട്ടുണ്ട്. അതിന്റെ തെളിവാണ് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ ഗ്ലോബല്‍, ആസിയാന്‍, ലാറ്റിന്‍ തുടങ്ങിയ എന്‍ക്യാപ് ക്രാഷ് ടെസ്റ്റുകളില്‍ ഉയര്‍ന്ന റാങ്കിങ്ങ് സ്വന്തമാക്കുന്നത്. ഉയര്‍ന്ന സുരക്ഷയൊരുക്കുന്ന ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍ പേര് ചേര്‍ക്കപ്പെട്ടത് ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള വെര്‍ട്യൂസാണ്. ലാറ്റിന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിലാണ് ഇന്ത്യയില്‍ നിര്‍മിച്ച ഫോക്‌സ്‌വാഗണ്‍ വെര്‍ട്യൂസ് സെഡാന്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി സുരക്ഷ ഉറപ്പിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഈ വാഹനം ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്.മുതിര്‍ന്നവരുടെ സുരക്ഷയില്‍ 92.35 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 91.84 ശതമാനവും പോയന്റ് നേടിയാണ് ഉയര്‍ന്ന റേറ്റിങ്ങ് ഈ വാഹനം സ്വന്തമാക്കിയത്. ഫ്രെണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട്, സൈഡ് പോള്‍ ഇംപാക്ട്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ പരീക്ഷണങ്ങളാണ് സുരക്ഷ ഉറപ്പിക്കുന്നതിനായി ഈ വാഹനത്തിൽ നടത്തിയത്. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 53.09 ശതമാനം മാര്‍ക്കാണ് വെര്‍ട്യൂസ് സെഡാന്‍ നേടിയിരിക്കുന്നത്.ഡ്രൈവറിന്റെയും യാത്രക്കാരുടെയും തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങള്‍ക്ക് മികച്ച സുരക്ഷയാണ് ഇടിപരീക്ഷയില്‍ ഉറപ്പാക്കിയത്. അതേസമയം, അപകട സമയത്ത് ഡ്രൈവറിന്റെ നെഞ്ചിന് ഭേദപ്പെട്ട സുരക്ഷയും യാത്രക്കാരുടേതില്‍ മികച്ച സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. ഈ വാഹനം ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരുന്നു.