
പുതുവർഷത്തെ കളറാക്കാൻ ഇന്ത്യയിലെ മിഡ്സൈഡ് എസ്യുവി ശ്രേണിയിലേക്ക് ഫോക്സ്വാഗണിന്റെ പുത്തൻ മോഡലായ ടൈഗൂൺ വൈകാതെ എത്തും. ഇതിൻറെ സൂചനയായി മോഡലിന്റെ ടീസർ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. വാഹനത്തിൻറെ ഡിസൈൻ വെളിപ്പെടുത്തുന്ന ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. ഫോക്സ്വാഗൺ ഗ്രൂപ്പിൻറെ ഇന്ത്യ 2.0 പദ്ധതിയിൽ ആദ്യമായി ഒരുങ്ങുന്ന വാഹനമാണിത്.

സ്കോഡയുടെ മിഡ്സൈഡ് എസ്യുവി മോഡലായ വിഷൻ ഇന്നിൽ നൽകിയിട്ടുള്ള എൻജിനായിരിക്കും ഈ വാഹനത്തിൽ നൽകുകയെന്ന് സൂചനയുണ്ട്. 1.5 ലിറ്റർ ടി എസ് ഐ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് വിഷൻ ഇന്നിൽ നൽകിയിരിക്കുന്നത്. ഇത് 148 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. ഫോക്സ്വാഗൺ എസ്യുവി മോഡലുകളായ ടിഗ്വാൻ, ടിക്രോസ് എന്നിവയിൽ നിന്ന് കടമെടുത്ത ഡിസൈൻ ശൈലിയാണ് ഈ പുതു വാഹനത്തിന് നൽകിയിരിക്കുന്നത്. മസ്കുലാർ ഭാവമുള്ള ഡ്യുവൽടോൺ ബംബറാണ് മുൻവശത്തെ ആകർഷണീയമാക്കുന്നത്. ബ്ലാക്ക് ഫിനിഷ് വീൽ ആർച്ചും 19 ഇഞ്ച് ഡ്യുവൽടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളും ബ്ലാക്ക് ഫിനിഷ് ബി പില്ലറും വിൻഡോ ഫ്രെയിമും റൂഫ് റെയിലും വശങ്ങളിൽ നൽകിയിരിക്കുന്നു. ഒപ്പം ഡ്യുവൽടോൺ റൂഫാണ് നൽകിയിരിക്കുന്നത്. രണ്ട് ട്രെയിൻ ലാമ്പുകളും ബന്ധിപ്പിക്കുന്ന എൽഇഡി സ്ട്രിപ്പ്, സ്കിഡ് പ്ലേറ്റ് നൽകിയുള്ള ഡ്യുവൽടോൺ ബംബറുമാണ് പിൻവശത്തെ പ്രധാന ഹൈലൈറ്റ്. ബ്ലാക്ക് ബോഡി കളർ ഡ്യുവൽടോണിലാണ് വാഹനത്തിൻറെ ഇൻറീരിയർ ഒരുക്കിയിരിക്കുന്നത്.